മാഡ്രിഡ്: ഈയാഴ്ച കിഴക്കൻ സ്പെയിനിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ 140 പേർ മരിച്ചതായി റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ഇഎഫ്ഇയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കം സ്പെയിനിലെ കിഴക്കൻ പ്രദേശമായ വലൻസിയയെ തകർത്തു. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കമായാണ് ഇതിനെ കണക്കാക്കുന്നത്.
സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നദികൾ കരകവിഞ്ഞൊഴുകി. നിരവധി വാഹനങ്ങളാണ് ഒലിച്ചുപോയത്. റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്.
ചെളി കലർന്ന വെള്ളം കുത്തിയൊലിച്ചതോടെ ആളുകൾ വീടുകളിലും വാഹനങ്ങളിലും കുടുങ്ങി. ഹെലികോപ്ടർ ഉപയോഗിച്ചാണ് പൊലീസും രക്ഷാപ്രവർത്തകരും ആളുകളെ രക്ഷപ്പെടുത്തിയത്. നിരവധിപേരെ കാണാതായതായും റിപ്പോർട്ടുണ്ടായിരുന്നു.