രണ്ട് ദിവസം മുമ്പ് ഇറാനിയൻ സര്‍വകലാശാലയ്ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച യുവതിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ചുള്ള കര്‍ശനമായ നിയമത്തിനെതിരേയായിരുന്നു യുവതിയുടെ പ്രതിഷേധം. ടെഹ്റാന് യൂണിവേഴ്സിറ്റി കാംപസിലാണ് അടിവസ്ത്രം മാത്രം ധരിച്ച് യുവതി പ്രത്യക്ഷപ്പെട്ടത്. ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയുടെ കാംപസില്‍ ഇവര്‍ അടിവസ്ത്രം ധരിച്ച് നടക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റുള്ളവര്‍ അമ്പരന്ന് അവരെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞുനിര്‍ത്തി കൊണ്ടുപോയി. എന്നാല്‍, അവര്‍ ഇപ്പോള്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആരാണവര്‍?
ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ഫെമിനിസ്റ്റ് ഐക്കണായി ഉയര്‍ന്നുവന്ന ഈ സ്ത്രീയാരാണെന്ന് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് നിലനില്‍ക്കുന്ന കര്‍ശനമായ നിയമത്തിനെതിരേയാണ് അടിവസ്ത്രം ധരിച്ച് അവര്‍ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് അവരെ അനുകൂലിച്ചുള്ള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യക്തമാക്കുന്നു. എന്നാല്‍, കടുത്ത മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സ്ത്രീയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായി സര്‍വകലാശാല വക്താവ് അമീര്‍ മഹ്ജോബ് അവകാശപ്പെട്ടു. പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടിയ അവര്‍ രണ്ട് കുട്ടികളുടെ അമ്മയാണെന്നും അദ്ദേഹം പറഞ്ഞു.
അവകാശവാദങ്ങളും മറുവാദങ്ങളും
ഡ്രസ് കോഡ് ശരിയായി പാലിക്കാത്തതിന്റെ പേരില്‍ അര്‍ധസൈനിക വിഭാഗമായ ബാസിജിലെ അംഗങ്ങള്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് യുവതി അടിവസ്ത്രം മാത്രം ധരിച്ച് നടക്കുകയായിരുന്നുവെന്ന് ഇറാനിയന്‍ സ്റ്റുഡന്റ് സോഷ്യല്‍ മീഡിയ ചാനലായ അമീര്‍ കബീര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡ്രസ് കോഡിനെതിരേ പ്രതിഷേധിച്ചതിന് അവരെ ‘അക്രമാസക്തമായി അറസ്റ്റു’ ചെയ്യുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി അറിയിച്ചു.
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയോട് ശാന്തമായാണ് സംസാരിച്ചതെന്നും ഡ്രസ് കോഡ് പാലിക്കാന്‍ അവരോട് ആവശ്യപ്പെട്ടതായും ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുവതിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. സഹപാഠികളുടെ സമ്മതമില്ലാതെ അവരുടെ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തിയതായും അവര്‍ അതിനെ എതിര്‍ത്തിരുന്നുവെന്നും വക്താവ് അവകാശപ്പെട്ടു.
യുവതി ഇപ്പോള്‍ എവിടെയാണ്?
ഒരു സംഘമാളുകള്‍ യുവതിയെ പിടികൂടി കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യുവതി എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമല്ലാത്തതിനാല്‍ ഇവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റു ചെയ്യുന്നതിനിടെ യുവതിയെ മര്‍ദിച്ചതായി അമീര്‍ കബീറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. യുവതിയെ ഉടനടി മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. യുവതിക്കെതിരായ ആക്രമ ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് ഇറാനില്‍ നിലനില്‍ക്കുന്ന കര്‍ശനമായ നിയമവ്യവസ്ഥയ്ക്കെതിരേ ഇറാനിലെ സ്ത്രീകള്‍ തന്നെ രംഗത്ത് വന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രസ് കോഡ് ലംഘിച്ചുവെന്ന് കാട്ടി അറസ്റ്റിലായ ഇറാനിയൻ-കുര്‍ദിഷ് വനിത മഹ്സ ഹാമിനി 2022ല്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകള്‍ ശിരോവസ്ത്രം അഴിച്ചുമാറ്റി കത്തിച്ചിരുന്നു. ഭരണാധികാരികള്‍ പ്രക്ഷോഭത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാകുകയും 500ല്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.