പൊള്ളുന്ന വെയിലും മണൽക്കാറ്റും നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന മണലാരണ്യവും, മരുഭൂമിക്കെന്നും വിശേഷണങ്ങൾ ഇവയെല്ലാമാണ്. തണുത്തുറഞ്ഞ മരുഭൂമി നമ്മുടെ ചിന്തകൾക്കതീതമായിരിക്കെ ചരിത്രത്തിലാദ്യമായി അതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ ജനങ്ങൾ.സൗദിയിലെ അല്‍-ജൗഫ് മേഖലയാണ് ഈ മനോഹര പ്രതിഭാസം ഉണ്ടായത്. കനത്ത മഴയും ആലിപ്പഴ വർഷവുമാണ് ഇതിന് പിന്നിലെ കാരണം. കനത്ത മഴയെ തുടർന്ന് മഞ്ഞുമല മാത്രമല്ല സൃഷ്ടിക്കപ്പെട്ടത് മരുഭൂമിയിൽ വെള്ളച്ചാട്ടവും ഉണ്ടായി.
സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും, കൊടുംകാറ്റുമെല്ലാം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.വെള്ളപ്പരവതാനി പുതച്ച് കിടക്കുന്ന മരൂഭൂമിയുടെ മനോഹാരിത കാഴ്ച്ചക്കാരിൽ വിസ്മയം സൃഷ്ടിച്ചു. നിരവധി ആളുകളാണ് മരുഭൂമിയിലെ മഞ്ഞുവീഴ്ച്ചയെന്ന അത്ഭുത പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതേസമയം ഇത്തരത്തിലുള്ള അസാധാരണമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ സൗദി അറേബ്യയില്‍ ഉണ്ടാവാറില്ല.
അറബിക്കടലില്‍നിന്ന് ഒമാനിലേക്ക് പടരുന്ന ന്യൂനമര്‍ദ്ദമാണ് ഇപ്പോൾ ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യയയില്‍ ഇത് അപൂര്‍വ്വമാണെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹാറ മരുഭൂമിയിലെ ഒരു നഗരവും മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു.