കൈറോ: ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ നിന്നും മധ്യസ്ഥരായ ഖത്തർ പിൻവാങ്ങുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസികളായ എ.പി, റോയിട്ടേഴ്സ് എന്നിവരാണ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഒരു വർഷം പിന്നിട്ട യുദ്ധം ആരംഭിച്ചതുമുതൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
യുദ്ധത്തിലെ കക്ഷികളായ ഇസ്രായേലും ഹമാസും പൂർണമനസ്സോടെ കരാറിന് തയാറാവാത്തിടത്തോളം മധ്യസ്ഥതയിൽ തുടരാൻ കഴിയില്ലെന്ന് ഖത്തർ ഇരു കക്ഷികളെയും അറിയിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഏറ്റവും ഒടുവിലായി രണ്ടാഴ്ച മുമ്പ് ദോഹയിൽ നടന്ന ചർച്ചയും ലക്ഷ്യത്തിലെത്താതെ പോയതോടെയാണ് മധ്യസ്ഥ പദവിയിൽ നിന്നും ഖത്തറിന്റെ പിന്മാറ്റമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചതുമുതൽ വെടിനിർത്തൽ സാധ്യമാക്കാനും മേഖലയിൽ സമാധാനം നിലനിർത്താനുമായി ഖത്തർ സജീവമായി രംഗത്തുണ്ടായിരുന്നു.