ബേണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): രാജ്യത്ത് മുഖാവരണ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്. 2021ല്‍ നടത്തിയ ഹിതപരിശോധനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തില്‍ വരുത്തുന്നത്.
2025 ജനുവരി ഒന്നു മുതല്‍ നിയമം ഔദ്യോഗികമായി നിലവില്‍ വരുന്നതോടെ ബുര്‍ഖയും നിഖാബും പോലുള്ള മുഖാവരണം നിരോധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡും വരും.
മുസ്‌ലിം സംഘടനകളില്‍ നിന്ന് ശക്തമായ വിമര്‍ശനം നേരിട്ടെങ്കിലും 51 ശതമാനം വോട്ടര്‍മാര്‍ നിരോധനത്തെ പിന്തുണച്ചു. പുതിയ സ്വിസ് നിയമപ്രകാരം, ലംഘിക്കുന്നവര്‍ക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്താം. വിമാനങ്ങള്‍, നയതന്ത്ര പരിസരങ്ങള്‍, ആരാധനാലയങ്ങള്‍, ആരോഗ്യ കാരണങ്ങളാലോ അപകടകരമായ സാഹചര്യങ്ങളാലോ, കാലാവസ്ഥാ വ്യതിയാനത്താലോ മുഖം മറക്കേണ്ട സാഹചര്യങ്ങള്‍, പരമ്പരാഗത ആചാരങ്ങള്‍, കല ആവിഷ്‌കാരങ്ങള്‍, പൊതുസമ്മേളനങ്ങള്‍, പ്രതിഷേധങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മുഖം മറക്കാന്‍ അവകാശമുണ്ട്.
മുഖാവരണ നിരോധനം നടപ്പാക്കുന്ന ഏറ്റവും പുതിയ രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. നേരത്തേ തുനീഷ്യ, ആസ്ട്രിയ, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, ബെല്‍ജിയം, അടക്കം 16 രാജ്യങ്ങള്‍ ബുര്‍ഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്.