ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് പൊതു-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, അനുയോജ്യമായ സമയങ്ങളില്‍ ജോലി ക്രമീകരണം എന്നിവ നടപ്പിലാക്കാൻ ദുബായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എമിറേറ്റ്‌സില്‍ മുഴുവനും ഈ രീതി നടപ്പിലാക്കാന്‍ അധികൃതർ കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടു ചെയ്തു.
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും(ആര്‍ടിഎ) ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ്(ഡിജിഎച്ച്ആര്‍) വകുപ്പും ചേര്‍ന്ന് നടത്തിയ രണ്ട് പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യത്തെ സര്‍വെയില്‍ 3.2 ലക്ഷം ജീവനക്കാര്‍ ഉള്‍പ്പെടുന്ന 644 കമ്പനികളെയാണ് ഉള്‍പ്പെടുത്തിയത്. രണ്ടാമത്തേതില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ള 12,000 ജീവനക്കാരെയും ഉള്‍പ്പെടുത്തി. 32 ശതമാനം സ്വകാര്യ കമ്പനികളും നിലവില്‍ വര്‍ക്ക് ഫ്രം ഹോം പോളിസി പിന്തുടരുന്നുണ്ട്. 58 ശതമാനം പേര്‍ ഈ രീതി പിന്തുടരാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പുറമെ 31 ശതമാനം കമ്പനികള്‍ അനുയോജ്യമായ രീതിയില്‍ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. ഈ നയം നിലവില്‍ നടപ്പിലാക്കാത്തവരില്‍ 66 ശതമാനം പേര്‍ക്ക് വിപുലീകരണത്തിനുള്ള സാധ്യതയുണ്ടെന്നും സര്‍വെയില്‍ കണ്ടെത്തി.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്രാഫിക് ഫ്‌ളോ പ്ലാനിന് അംഗീകാരം നല്‍കിയതോടെയാണ് മേയില്‍ സര്‍വെ ആരംഭിച്ചത്.കോവിഡ് 19 വ്യാപനകാലത്ത് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുന്നതിന് ദുബായിലെ ഓഫീസുകളില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിരുന്നു. ഏപ്രിലില്‍ മഴ കനത്തപ്പോഴും സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകള്‍ ജോലി ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. വര്‍ക്ക് ഫ്രം ഹോം എന്നത് അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന ഓപ്ഷനായി തൊഴിലുടമകള്‍ നിലനിര്‍ത്തി.
ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോം സംവിധാനം കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ പ്രധാന ഭാഗമായി മാറിയെന്ന് ഡിജിഎച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു.‘‘ഒരു വര്‍ഷത്തില്‍ ഒട്ടേറെ ദിവസങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാന്‍ ചില കമ്പനികള്‍ ജീവനക്കാരെ അനുവദിക്കുന്നുണ്ട്. ഇതിന് പുറമെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാവിലെ 6.30നും 8.30നും ഇടയില്‍ ജോലി ആരംഭിക്കുന്നതിന് അനുമതി നല്‍കുന്നുണ്ട്. അതിലൂടെ ജോലി സ്ഥലത്തേക്കും പുറത്തേക്കും സുഗമമായ രീതിയില്‍ യാത്ര ചെയ്യാന്‍ ഇത് അനുവദിക്കുന്നു,’’ അദ്ദേഹം പറഞ്ഞു.
ഈ സ്ഥാപനങ്ങളില്‍ 80 ശതമാനം ജീവനക്കാര്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ അനുമതിയുണ്ട്. അതേസമയം, തങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ തൊഴില്‍ സമയം ക്രമീകരിച്ച് ലഭിക്കുന്നത് വ്യക്തിഗത ആവശ്യങ്ങള്‍ തടസ്സങ്ങളില്ലാതെ നിറവേറ്റാന്‍ സഹായിക്കുന്നതായി ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുഭവപ്പെടുന്നു. വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിക്കുന്നതായി 80.4 ശതമാനം പേര്‍ വിശ്വസിക്കുന്നതായി സര്‍വെയില്‍ കണ്ടെത്തി.