ജപ്പാനിലെ ജനനനിരക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് നവോകി ഹയാകുത നടത്തിയ പ്രസ്താവന വിവാദത്തില്‍. സ്ത്രീകള്‍ 25 വയസിന് ശേഷം വിവാഹം കഴിക്കുന്നതിനും 30കളില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദപരാമര്‍ശം. യുട്യൂബ് വീഡിയോയിലൂടെയായിരുന്നു നവോകി ഇത്തരത്തില്‍ പ്രതികരിച്ചത്. ഇതോടെ നിരവധി പേരാണ് ഇദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
നിയമം കര്‍ശനമാക്കുന്നതോടെ സ്ത്രീകള്‍ വളരെ നേരത്തെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്നും അതിലൂടെ രാജ്യത്തിന്റെ ജനനനിരക്ക് വര്‍ധിക്കുമെന്നും നവോകി പറഞ്ഞു. യുവതികള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും അവരെ പരിപാലിക്കുന്നതിനുമാണ് ശ്രദ്ധ നല്‍കേണ്ടതെന്നും നവോകി കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷവും സ്ത്രീസംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തി.
’’ ജനനനിരക്ക് കുറയുന്നതിന് കാരണം സ്ത്രീകളാണോ? സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ല. ജോലിയും വരുമാനവും സ്ഥിരമല്ലാത്ത സാഹചര്യത്തില്‍ ഒരു കുഞ്ഞിനെ പ്രസവിക്കാനും അവരെ വളര്‍ത്താനുമുള്ള ആത്മവിശ്വാസം സ്ത്രീകള്‍ക്കില്ല എന്നതാണ് വാസ്തവം,’’ എന്ന് നടിയായ ചിസുരു ഹിഗാഷി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിനോട് പറഞ്ഞു.
’’ ജപ്പാനിലെ ഒരു നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഇതെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായി മാത്രമെ കാണാനാകു,’’ എന്ന് യമനാഷി ഗാകുയിന്‍ യൂണിവേഴ്സിറ്റിയിലെ ജെന്‍ഡര്‍ സ്റ്റഡീസ് അധ്യാപികയായ സുമി കവാകാമി പറഞ്ഞു. ജപ്പാനിലെ രാഷ്ട്രീയ നേതൃത്വം സ്ത്രീകള്‍ക്കെതിരെ പിന്തിരിപ്പന് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജപ്പാനിലെ തീവ്രവലതുപക്ഷ നേതാക്കള്‍ക്കിടയിലെ പ്രമുഖ വ്യക്തിത്വമാണ് നവോകി ഹയാകുത. വളരെ ചര്‍ച്ചയായ The Eternal Zero- എന്ന പുസ്തകമെഴുതിയയാളുകൂടിയാണ് ഇദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ജപ്പാനില്‍ നിന്നുള്ള കാമികേസ് പൈലറ്റുകളെക്കുറിച്ചുള്ള ഈ പുസ്തകം പിന്നീട് സിനിമയാക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാന്റെ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇദ്ദേഹത്തെ രാജ്യത്തെ നാഷണല്‍ ബ്രോഡ്കാസ്റ്ററായ എന്‍എച്ച്കെയുടെ നേതൃനിരയിലേക്കും നിയമിച്ചിരുന്നു.
അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതോടെ മാപ്പുപറഞ്ഞ് നവോകി ഹയാകുത രംഗത്തെത്തി. എക്സിലൂടെയായിരുന്നു നവോകി ക്ഷമാപണം നടത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജോയിന്റ് അധ്യക്ഷന്‍ തകാഷി കാവമുറയും നവോകിയുടെ പ്രസ്താവനയെ അപലപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് വേണ്ടി മാപ്പുപറയുന്നുവെന്ന് അദ്ദേഹവും പറഞ്ഞു. നവോകിയുടെ പ്രസ്താവന പാര്‍ട്ടി തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ കയോറി അരിമോട്ടോയും നവോകിയ്ക്കെതിരെ രംഗത്തെത്തി. പഴഞ്ചന്‍ ചിന്താഗതിയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവില്‍ സാമൂഹിക മൂല്യങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും പരിപാലിക്കുന്നതുമാണ് സന്തോഷം നല്‍കുന്നതെന്ന ചിന്താഗതിയ്ക്ക് മാറ്റം വന്നുവെന്നും ആളുകള്‍ വ്യത്യസ്തമായ വഴികളിലുടെ സഞ്ചരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.