കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി ആരെന്ന് തിങ്കളാഴ്ച അറിയാം .ശ്രീലങ്കയിൽ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും പ്രസിഡന്റ്റ് അനുര കുമാര ദിസനായകെ തിങ്കളാഴ്ച പ്രഖ്യാപിക്കും. 21ന് പാർലമെന്റ്റിന്റെ ആദ്യസമ്മേളനത്തിൽ പ്രസിഡന്റ് നയപ്രഖ്യാപനം നടത്തും. വെള്ളിയാഴ്ച്‌ച നടന്ന തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ പാർട്ടി നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. 25 മന്ത്രിമാരെയായിരിക്കും നാളെ പ്രഖ്യാപിക്കുക. കാബിനറ്റ് മന്ത്രിമാരുടെ എണ്ണം മുപ്പതിൽ കവിയരുതെന്നാണു നിയമം. എന്നാൽ, ഡപ്യൂട്ടി മന്ത്രിമാരുടെ എണ്ണം വർധിപ്പിച്ചേക്കുമെന്ന് പാർട്ടി വക്താവ് ടിൽവിൻ സിൽവപറഞ്ഞു.
സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൻപിപി വിജയിച്ചശേഷം പ്രസിഡന്റ് ഉൾപ്പെടെ 3 മന്ത്രിമാരുമായാണ് താൽക്കാലിക സർക്കാർ പ്രവർത്തിച്ചത്. 1978ൽ ആനുപാതിക പ്രാതിനിധ്യസമ്പ്രദായം ഏർപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു പാർട്ടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്.
ആകെ വോട്ടിൻ്റെ 61.56% നേടിയാണ് ഈ ചരിത്രവിജയം. 2010ൽ മഹിന്ദ രാജപക്സെ നേടിയ 60.33% വോട്ടാണ് ഇതിനു മുൻപത്തെ കൂടിയ വോട്ട് ശതമാനം.