ഹജ്ജ് യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ഹജ്ജ് സുവിധ ആപ്പ് 2.0 പുറത്തിറക്കി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം. കേന്ദ്രന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജ്ജുവാണ് പരിഷ്‌കരിച്ച ആപ്പ് പുറത്തിറക്കിയത്.
വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെ സമ്മേളനത്തോട് അനുബന്ധിച്ചാണ് പരിഷ്‌കരിച്ച സുവിധ ആപ്പ് പുറത്തിറക്കിയത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ എ.പി അബ്ദുള്ളകുട്ടിയും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനമാണ് ഹജ്ജ് തീര്‍ത്ഥാടനമെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കാന്‍ നിരവധി പരിഷ്‌കാരങ്ങള്‍ ഇതിനോടകം കൊണ്ടുവരാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവേചനാധികാര ക്വാട്ട നീക്കം ചെയ്യല്‍, ഹജ്ജ് സുവിധ ആപ്പിലൂടെ സാങ്കേതിക വിദ്യയുടെ ഏകോപനം, മെഹറം ഇല്ലാതെ സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കല്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റി കേന്ദ്രന്യൂനപക്ഷവകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ വിശദമാക്കി.
അസീസിയയ്ക്ക് പുറമെ ഹറമിന് സമീപമുള്ള പ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ സജ്ജീകരിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ബസുകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2024ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഹജ്ജ് സുവിധ ആപ്പ് 1.0യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഹജ്ജ് സുവിധ ആപ്പ് 2.0. ബോര്‍ഡിംഗ് പാസ്, വിമാനയാത്ര വിവരങ്ങള്‍, മിന മാപ്പുകള്‍ ഉള്ള നാവിഗേഷന്‍ സംവിധാനം തുടങ്ങിയ സവിശേഷതകള്‍ പുതിയ ആപ്പില്‍ ലഭ്യമാകും.