സിയോൾ: രണ്ടാം ദിവസവും ദക്ഷിണ കൊറിയയില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. നിരവധി വിമാനങ്ങളാണ് രാജ്യത്ത് ഇതിനകം റദ്ദാക്കിയിരിക്കുന്നത്. ഫെറി പ്രവർത്തനങ്ങളും നിര്‍ത്തവച്ചു. ശൈത്യകാലം കഠിനമായി തുടരുന്നതിനിടെ നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1907നുശേഷമുണ്ടായ ഏറ്റവും ശക്തമായ മഞ്ഞുവീഴ്‌ചയ്ക്കാണ് ദക്ഷിണ കൊറിയ സാക്ഷ്യം വഹിക്കുന്നത്. തലസ്ഥാനമായ സിയോളില്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ കനത്ത മഞ്ഞുവീഴ്ചയാണ് വ്യാഴാഴ്ചയുണ്ടായതെന്ന് റെക്കോര്‍ഡുകള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 8 മണിയോടെ സിയോളിന്‍റെ ചില ഭാഗങ്ങളിൽ 40 സെന്‍റീമീറ്ററിലധികം (16 ഇഞ്ച്) മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. തുടര്‍ന്ന് 140 ലധികം വിമാനങ്ങൾ റദ്ദാക്കി. അതേസമയം, മെട്രോപൊളിറ്റൻ പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ് രാവിലെ 10 മണിയോടെ കാലാവസ്ഥാ ഉദ്യോഗസ്ഥർ പിൻവലിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് മഞ്ഞ് മൂടിയ നെറ്റ് തകർന്നതിനെ തുടർന്ന് ഗോൾഫ് റേഞ്ചിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാര്‍ പാര്‍ക്കിങ് പ്രദേശത്തെ റൂഫ് തകര്‍ന്ന് മറ്റൊരാൾ കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനാപകടങ്ങളിലാണ് മറ്റു രണ്ടുപേര്‍ മരിച്ചത്. ഗാങ്‌വോൺ പ്രവിശ്യയിലെ സെൻട്രൽ നഗരമായ വോൻജുവില്‍ ബുധനാഴ്ച വൈകുന്നേരം 53 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
സിയോളിലെ പ്രധാന വിമാനത്താവളമായ ഇഞ്ചിയോണിനെയാണ് കഠിനമായ ശൈത്യകാലം ഏറ്റവും കൂടുതൽ ബാധിച്ചത്. ശരാശരി രണ്ട് മണിക്കൂറെങ്കിലും വൈകിയാണ് ഓരോ വിമാനവും പുറപ്പെടുന്നത്. 14% വിമാനങ്ങൾ വൈകുകയും 15% റദ്ദാക്കുകയും ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാർ 24 സൂചിപ്പിക്കുന്നു. വ്യാഴാഴ്ചയോടെ 142 വിമാനങ്ങൾ റദ്ദാക്കിയതായും 76 റൂട്ടുകളിലായി 99 ഫെറികളുടെ പ്രവർത്തനം നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഉത്തരകൊറിയയിലും ചില പ്രദേശങ്ങളില്‍ 10 സെന്‍റീമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടായതായി കൊറിയൻ സെൻട്രൽ ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്യുന്നു.