കാബൂള്‍: ഐക്യരാഷ്ട്രസഭയില്‍ അഫ്ഗാനിസ്താനെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. ഐക്യരാഷ്ട്ര സഭ അക്രിഡിറ്റേഷന്‍ കമ്മിറ്റിയുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനമാവാതെ പിരിഞ്ഞു. മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന് അംഗീകാരം നല്‍കുന്നതും മാറ്റിവച്ചവയില്‍ ഉള്‍പ്പെടുന്നു.
ബുധനാഴ്ചയാണ് കമ്മിറ്റിയുടെ നിര്‍ണായ യോഗം നടന്നത്. മ്യാന്‍മറിന്റെയും അഫ്ഗാന്റെയും കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുകയാണ് ചെയ്തതെന്ന് ഖാമ പ്രസ് റിപോര്‍ട്ട് ചെയ്തു. രണ്ട് രാജ്യങ്ങളുടെയും കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നിരന്തരം നീട്ടുവച്ചുകൊണ്ടിരിക്കുകയാണ്.
193 അംഗങ്ങളുള്ള യുഎന്നില്‍ അഫ്ഗാനെ പ്രതിനിധീകരിക്കാന്‍ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താനും മ്യാന്‍മറിനെ പ്രതിനിധീകരിക്കാന്‍ മ്യാന്‍മര്‍ സൈന്യത്തിനും കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം.
യുഎന്നില്‍ അഫ്ഗാനെ പ്രതിനിധീകരിക്കാന്‍ അവകാശമുണ്ടെന്ന താലിബാന്‍ വക്താവ് സൊഹെയ്ല്‍ ഷഹീന്റെ ഒരു പറ്റം ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭ ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. അഫ്ഗാന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുമെന്ന് മറ്റൊരു ട്വീറ്റില്‍ സൊഹെയ്ല്‍ ഷഹീന്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ ശേഷമാണ് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്തത്.