ഗസ്സയിൽ കരയാക്രമണത്തിന് എത്തിയ അഞ്ച് സൈനികരെ കൂടി ഹമാസ് വധിച്ചതായി ഇസ്രായേൽ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് രണ്ടു സൈനികരുടെ കൂടി പേരുവിവരങ്ങൾ പുറത്തുവിടുകയായിരുന്നുവെന്ന് ഇസ്രായേലി ദിനപത്രമായ ഹാരറ്റ്സ് റിപ്പോർട്ട് ചെയ്തു.
188ാമത് ആംഡ് കോർപ്സ് ബ്രിഗേഡിലെ 53-ാം ബറ്റാലിയൻ സൈനികരായ സർജൻറ് യാകിർ യെദിദ്യ ഷെങ്കോലെവ്സ്കി (21), ക്യാപ്റ്റൻ ഏയ്തൻ ഫിഷ് (23), സ്റ്റാഫ് സർജന്റ് തുവൽ യാക്കോവ് സനാനി (20), ക്യാപ്റ്റൻ യാഹെൽ ഗാസിറ്റ് (24), 261-ാം ബ്രിഗേഡിലെ 6261 ബറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ മാസ്റ്റർ സാർജന്റ് ഗിൽ ഡാനിയൽസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതോടെ ഒക്ടോബർ ഏഴുമുതലുള്ള യുദ്ധത്തിൽ 400 ഇസ്രായേൽ സൈനികരാണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്.
അതിനിടെ ഇന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരൻമാർക്ക് പരിക്കേറ്റതായി ഇസ്രായേൽ എമർജൻസി സർവിസായ മാഗെൻ ഡാവിഡ് അഡോം അറിയിച്ചു. 60 വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഹമാസ് ആക്രമണത്തിൽ തകർന്ന അഷ്‍കലോണിലെ കെട്ടിടത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഗസ്സക്കെതിരായ വ്യോമ, കര യുദ്ധം 60 ദിവസം പിന്നിടുമ്പോഴും ഹമാസിന്റെ ശക്തിക്ക് പോറലേൽപിക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടിെലലനന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ. ഇസ്രായേലിന്റെ പേരുകേട്ട മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോമിനെ മറികടന്ന് റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള കഴിവ് ഹമാസിന് ഇപ്പോഴും ഉണ്ടെന്ന് ഇത് തെളിയിക്കുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.