സോൾ : ദക്ഷിണ കൊറിയയിൽ സർക്കാർ നടപ്പിലാക്കിയ പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യോൾ. പട്ടാള നിയമം പ്രഖ്യാപിച്ച് ആറു മണിക്കൂറുകൾക്ക് ശേഷമാണ് നിയമം പിൻവലിച്ച് ഉത്തരവിറക്കിയത്. നാഷണൽ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്ന് യൂൻ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നുമായിരുന്നു യൂൻ സൂകിന്റെ ആരോപണം. ഉത്തരകൊറിയയോടൊപ്പം ചേർന്ന്, പ്രതിപക്ഷം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂൻ കഴിഞ്ഞ ദിവസം പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്.
പട്ടാളനിയമം പ്രഖ്യാപനത്തിന് പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. ഇതോടെ വലിയ രീതിയിലെ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. ഇതോടെ വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിക്കുകയാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറിയിപ്പിറക്കുമെന്നും യൂൻ സുക് യോൾ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പട്ടാള നിയമം പിൻവലിച്ചത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ യൂനും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ശക്തമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ബജറ്റിനെ ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക്കും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണ് യൂൻ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ചത്.