സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണം അവസാനിച്ചതായി ഇസ്ലാമിക സംഘടനയായ ഹയാത്ത് തഹ്‌രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) പ്രഖ്യാപിച്ചിരുന്നു. ഇതോടെ എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയിലാണ് ലോകത്തിന്റെ ശ്രദ്ധ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എച്ച്ടിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണങ്ങളാണ് സിറിയയിലെ ഭരണമാറ്റത്തിന് വഴിവെച്ചത്.
തലസ്ഥാനമായ ഡമാസ്‌കസ് ആക്രമിക്കുന്നതിന് മുമ്പ് വിമതര്‍ സിറിയയിലെ അലപ്പോയും ഹമയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ എച്ച്ടിഎസിനെക്കൂടാതെ നിരവധി വിമത സംഘടനകളും സിറിയയില്‍ വേരുറപ്പിച്ചിരുന്നു. ഫ്രീ സിറിയന്‍ ആര്‍മി ആയിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടന. പിന്നീട് സിറിയയിലെ സംഘര്‍ഷം മുതലാക്കി ഐഎസ്‌ഐഎസും രംഗത്തെത്തി. കൂടാതെ സിറിയ-തുര്‍ക്കി അതിര്‍ത്തി പ്രദേശത്ത് ശക്തമായ സിറിയന്‍ നാഷണല്‍ ആര്‍മിയും ആഭ്യന്തരയുദ്ധത്തിന്റെ ഗതി മാറ്റുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.
എന്നാല്‍ നിലവില്‍ സിറിയയിലെ സ്വാധീനശക്തിയായ എച്ച്ടിഎസിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നുവെന്നതും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. 2011ല്‍ ജബാത്ത് അല്‍- നുസ്ര ഫ്രണ്ട് എന്ന പേരിലാണ് എച്ച്ടിഎസ് സ്ഥാപിക്കപ്പെട്ടത്. അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടായിരുന്ന സംഘടനയായിരുന്നു ഇത്.
ഐഎസ്‌ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയും ഈ സംഘടന സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തിരുന്നു. വൈകാതെ ബാഷര്‍ അല്‍ അസദിനെതിരെയുള്ള ശക്തമായ സംഘടനകളിലൊന്നായി ഇത് മാറി. തീവ്രവാദ സംഘടനയെന്ന നിലയില്‍ യുഎന്‍, യുഎസ്, തുര്‍ക്കി തുടങ്ങിയ നിരവധി രാജ്യങ്ങളും ഈ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
എന്നാല്‍ അല്‍ഖ്വയ്ദയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അല്‍-ജുലാനി അല്‍-നുസ്ര ഫ്രണ്ട് പിരിച്ചുവിടുകയും ഹയാത്ത് തഹ്‌രീര്‍ അല്‍-ഷാം എന്നൊരു പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇതാണ് എച്ച്ടിഎസ് ആയി അറിയപ്പെടാന്‍ തുടങ്ങിയത്.
എന്നാല്‍ അല്‍ഖ്വയ്ദയുമായുള്ള എല്ലാ ബന്ധവും എച്ച്ടിഎസ് വിഛേദിച്ചുവോ എന്ന സംശയം പലരുമുയര്‍ത്തുന്നുണ്ട്. മറ്റ് വിമത ഗ്രൂപ്പുകളുമായും പ്രതിപക്ഷ സംഘടനകളുമായും എച്ച്ടിഎസ് നിരന്തരം സംഘര്‍ഷങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നും സംഭവിക്കാമെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍ ബാഷര്‍ അല്‍ അസദിനെ താഴെയിറക്കിയതോടെ സിറിയയിലെ ഭിന്നതകള്‍ക്ക് അന്ത്യം കുറിക്കപ്പെടും എന്ന് കരുതാനാകില്ല. വിവിധ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ പലപ്രദേശങ്ങളും ഇപ്പോഴും തങ്ങളുടെ അധീനതയിലാക്കിയിട്ടുണ്ട്. എച്ച്ടിഎസിനെതിരെയും മനുഷ്യാവകാശലംഘന ആരോപണങ്ങളുമുയര്‍ന്നിട്ടുണ്ട്. സിറിയയുടെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്നതില്‍ ചില സമ്മര്‍ദ്ദഗ്രൂപ്പുകളുടെയും വിദേശശക്തികളുടെയും സ്വാധീനം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
അതേസമയം ആഭ്യന്തരയുദ്ധം രൂക്ഷമായതിന് പിന്നാലെ രാജ്യം വിട്ട ബാഷര്‍ അല്‍ അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ബാഷര്‍ അല്‍ അസദിന് അഭയം നല്‍കിയതെന്ന് റഷ്യന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇത് പുതിയൊരു തുടക്കത്തിലെ ആരംഭമാണെന്നും ഇരുണ്ട യുഗത്തിന്റെ അന്ത്യമാണെന്നും സിറിയയിലെ വിമതസേനയായ ഹയാത്ത് തഹ്രീര്‍ ഷാമിന്റെ നേതാവ് ടെലഗ്രാമിലൂടെ പ്രഖ്യാപിച്ചു. അസദ് ഭരണത്തിന്റെ കീഴില്‍ മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ക്കും ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്കും ഇനി സിറിയയിലേക്ക് വരാമെന്നും എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയ ആയിരിക്കും എന്നും വിമത സേനയുടെ പോസ്റ്റില്‍ പറഞ്ഞു. അതേസമയം അധികാരം കൈമാറാന്‍ തയാറാണെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത ഏത് നേതൃത്വത്തിന്റെയും കൂടെ സഹകരിക്കാന്‍ തയ്യാറാണെന്നും സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി പറഞ്ഞു.