ദുബായ് : യുഎഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനോ ഭരണഘടനയില്‍ അധിഷ്ഠിതമായി ചര്‍ച്ച നടത്താനോ സിറിയന്‍ ഭരണാധികാരി ബഷാര്‍ അല്‍ അസദ് തയാറായിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി. വിമത സേന രാജ്യം പിടിച്ചതിനു പിന്നാലെ അസദ് യുഎഇയില്‍ രാഷ്ട്രീയ അഭയം തേടിയെന്ന പ്രചാരണം യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് തള്ളി. അസദ് യുഎഇയില്‍ എത്തിയതായി അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിറിയക്കാര്‍ നേതൃത്വം നല്‍കുന്ന ഭരണ സംവിധാനത്തെയാണ് യുഎഇ അനുകൂലിക്കുന്നതെന്ന് ഗര്‍ഗാഷ് പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും മധ്യപൂര്‍വ മേഖലയുടെ സമാധാനത്തിനുമാണു മുന്‍ഗണന. വിഘടന, തീവ്രവാദികള്‍ തന്നെയാണ് സിറിയയുടെ മുഖ്യപ്രശ്‌നം. ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ വിടവ് ഉപയോഗപ്പെടുത്താന്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് അവസരം നല്‍കരുത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയമാണ് സിറിയയില്‍ കാണുന്നത്. വര്‍ഷങ്ങളായി രാജ്യത്തു തുടരുന്ന സംഘര്‍ഷങ്ങളുടെ പരിണതഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്കു തന്നെ വെല്ലുവിളിയാണ് മധ്യപൂര്‍വ മേഖലയിലെ സംഘര്‍ഷം. ഗാസ, ഇസ്രയേല്‍, ഇറാന്‍, ലബനന്‍ എന്നിവര്‍ ഉള്‍പ്പെട്ട യുദ്ധത്തിനിടെയാണു സിറിയയിലെ ആഭ്യന്തര കലാപം. ലോകത്തിന്റെ മറ്റു മേഖലകളില്‍ നിന്നു നോക്കുമ്പോള്‍ മധ്യപൂര്‍വ മേഖല സംഘര്‍ഷഭരിതമാണെന്ന ധാരണയാണ് പടരുന്നത്. ഇതു ഗള്‍ഫ് രാജ്യങ്ങള്‍ക്കു കനത്ത വെല്ലുവിളിയാണ്. വിനോദ സഞ്ചാര മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.