സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തു. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇംപീച്ച്മെന്റ് നടപടി. 300 ദേശീയ അസംബ്ലി അംഗങ്ങളിൽ 204 പേർ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 85 പേർ എതിർത്തു. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. നാല് വോട്ടുകൾ അസാധുവായി.
ഡെമോക്രാറ്റിക് പാർട്ടി അടക്കം ആറ് പാർട്ടികൾ ചേർന്നാണ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നത്. കഴിഞ്ഞ വ്യാഴാഴ്ച അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ റദ്ദാക്കിയിരുന്നു. തുടർന്നാണ് പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നത്.
പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യൂൻ സുക് യോൽ തീരുമാനം പിന്‍വലിച്ചിരുന്നു. ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
തീരുമാനത്തിനെതിരെ പാര്‍ലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യോലിന്റെ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഭരണപക്ഷമായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.