ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമദ്വീപ് വിമാനത്താവളം നിര്‍മാക്കാനൊരുങ്ങി ചൈന. ലിയാവോനിങ് പ്രവിശ്യയിലെ ഉപദ്വീപില്‍ സ്ഥിതിചെയ്യുന്ന നഗരമായ ഡലിയന് സമീപമാണ് വിമാനത്താവളം വരുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡലിയന്‍ ജിന്‍ഷൊവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാവും ഇത് അറിയപ്പെടുക.
ഡലിയന്‍ നഗരം പശ്ചിമ കൊറിയന്‍ ഉള്‍ക്കടലിലെ പ്രധാന തുറമുഖം കൂടിയാണ്. ചൈനയിലെ ദ്വീപ് പ്രവിശ്യകള്‍ തമ്മിലുള്ള കച്ചവടബന്ധം സുഗമമാക്കുക എന്നതിനൊപ്പം ഡലിയനെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് ആക്കുക എന്ന ഉദ്ദേശം കൂടി ചൈനീസ് സര്‍ക്കാരിന് ഉള്ളതായാണ് വിവരം.
കൃത്രിമമായി നിര്‍മിച്ചിട്ടുള്ള ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹോങ് കോങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. 12.48 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം. ജപ്പാനിലെ കാന്‍സായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് രണ്ടാംസ്ഥാനത്ത്. 10.5 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ രണ്ട് വിമാനത്താവളങ്ങളെയും കടത്തിവെട്ടും ഡലിയന്‍ ജിന്‍ഷൊവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
പൂര്‍ണമായും കൃത്രിമദ്വീപില്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ചൈന നിര്‍മിക്കുന്ന ആദ്യത്തെ വിമാനത്താവളമാണ് ഡലിയന്‍ ജിന്‍ഷൊവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 43 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലായിരിക്കും വിമാനത്താവളത്തിന്റെ നിര്‍മാണമെന്ന് ഡലിയന്‍ പ്രവിശ്യാ അധികൃതര്‍ പറയുന്നു. വരുംവര്‍ഷത്തില്‍ 80 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലേക്ക് നിര്‍മാണം വ്യാപിപ്പിക്കും. 900,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ളതായിരിക്കും ടെര്‍മിനല്‍.