കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് ചര്‍ച്ചയാകുകയാണ്. ഇപ്പോഴിതാ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗവും കാനഡയിലെ ന്യൂ ഡെമോക്രോറ്റിക് പാര്‍ട്ടി നേതാവുമായ ജഗമീത് സിംഗ് രംഗത്തെത്തി. രാജ്യത്തെ ജീവിതച്ചെലവിനെയും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയേയും പരാമര്‍ശിച്ചുകൊണ്ടാണ് ജഗമീത് സിംഗ് രംഗത്തെത്തിയത്.
’’ ജസ്റ്റിന്‍ ട്രൂഡോ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. കാനഡയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നേതാവിനെ തിരയുന്ന വേളയില്‍ ലിബറലുകള്‍ പരസ്പരം പോരടിക്കുന്നു,’’ എന്ന് ജഗമീത് സിംഗ് പറഞ്ഞു. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവ് കാരണം പൗരന്‍മാര്‍ വലയുകയാണെന്നും അതിനിടെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം താരിഫ് ഭീഷണി നിരവധി ജോലികളെ അപകടത്തിലാക്കിയെന്നും ജഗമീത് സിംഗ് പറഞ്ഞു.
ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് ഉണ്ടാകുകയും അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു ക്രിസ്റ്റിയ. തുടര്‍ന്ന് ലിബറല്‍ പാര്‍ട്ടിയിലെ മൂന്നിലൊന്ന് എംപിമാരും നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കാനഡയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്.
പ്രധാനമന്ത്രി സ്ഥാനം ഒഴിയുമോ എന്ന കാര്യത്തില്‍ ട്രൂഡോ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹൗസ് ഓഫ് കോമണ്‍സിലെ 153 ലിബറല്‍ എംപിമാരില്‍ 60 പേരും ട്രൂഡോയ്‌ക്കെതിരെ അണിനിരന്നിട്ടുണ്ട്. ഉപപ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു. ട്രൂഡോക്കെതിരേ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുള്ളിലെ ആദ്യ വിയോജിപ്പ് ഇത് തുറന്നുകാട്ടുന്നു.
‘‘രാജ്യം ഇന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന്’’ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം താരിഫുകള്‍ ചൂണ്ടിക്കാട്ടി ട്രൂഡോയ്ക്ക് നല്‍കിയ രാജിക്കത്തില്‍ ക്രിസ്റ്റിയ പറഞ്ഞു.
2013ലാണ് ക്രിസ്റ്റിയ ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന അവര്‍ രണ്ടു വര്‍ഷത്തിന് ശേഷം ലിബറുകള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ ചേര്‍ന്നു. വ്യാപാരം, വിദേശകാര്യമന്ത്രി തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ച അവര്‍ യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. യുഎസില്‍ ട്രംപ് അധികാരത്തിലെത്തുന്നതോടെ കാനഡയുടെ പ്രതികരണം അറിയിക്കുന്നതിന് ക്രിസ്റ്റിയെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം ട്രംപിന്റെ താരിഫ് ഭീഷണികളെ രാജ്യം അങ്ങേയറ്റം ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്ന് രാജിക്കത്തില്‍ അവര്‍ പറഞ്ഞു. ഇത് അമേരിക്കയുമായുള്ള ഒരു താരിഫ് യുദ്ധത്തിലേക്ക് നയിക്കുമെന്നും അവര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താനും പിയറി ശ്രമിക്കുന്നുണ്ട്.