ധാക്ക : ബംഗ്ലാദേശിൽ ഉൾഫാ നേതാവിനന്റെ വധശിക്ഷ ഇളവു ചെയ്തു: 10 വർഷത്തെ തടവാക്കിയാണ് ഇളവ് പ്രഖ്യാപിച്ചത്. അസമിലെ വിഘടനവാദിസംഘടനയായ ഉൾഫയുടെ ഭാഗമായിരുന്ന പരേഷ് ബറുവയുടെ വധശിക്ഷയാണ് ബംഗ്ലദേശ് ഹൈക്കോടതി 10 വർഷത്തെ തടവാക്കി ഇളവു ചെയ്തു. ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് പരേഷ് ബറുവ (70) ഇപ്പോഴുള്ളത്. ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്തിയ കേസിൽ മുൻ മന്ത്രിയെയും മ 5 പേരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. ബംഗ്ലദേശിലെ രാഷ്ട്രീയമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ വിധികൾ ചർച്ചാവിഷയമായി.
ബംഗ്ലദേശ് നാഷനലിസ്‌റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്തെ ഇസ് ലാമിയും ചേർന്നായിരുന്നു 2001 മുതൽ 2006 വരെ ഭരണം നടത്തിയിരുന്നത്. ഖാലിദ സിയ മന്ത്രിസഭയുടെ കാലത്താണ് പരേഷ്
ബറുവയ്ക്ക് ബംഗ്ലദേശ് അഭയം നൽകിയത്. ഇതിനിടെ, ഉൾഫയ്ക്കു വേണ്ടി 10 ലോഡ് ആയുധങ്ങൾ കടത്തിയത് 2004 ഏപ്രിലിൽ പിടികൂടി. 27,000 ഗ്രനേഡുകൾ, 150 റോക്കറ്റുകൾ എന്നിവയടക്കമുള്ള ആയുധങ്ങളാണ് ഇന്ത്യ വിരുദ്ധ ശക്തികൾക്ക് എത്തിച്ചുകൊടുത്തത്.
തുടർന്നു വന്ന ഷെയ്ഖ് ഹസീന മന്ത്രിസഭ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഖാലിദ സിയ മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ലുത്ഫുസ്‌മാൻ ബാബർ, മന്ത്രിയും ജമാഅത്തെ ഇസ് ലാമി നേതാവുമായ മൊതിയൂർ റഹ്മാൻ നിസാമി, ഇന്റലിജൻസ് മേധാവി റെസാഖുൽ ഹൈദർ ചൗധരി തുടങ്ങി 6 പേരെ കുറ്റവാളികളായി കണ്ടെത്തിയത്. ഇതിൽ നിസാമിയെ 1971ലെ കൂട്ടക്കൊലക്കേസിൽ തൂക്കിലേറ്റി .