മോസ്കോ: യുക്രനെതിരായ യുദ്ധത്തിൽ നിലപാട് മയപെപ്പെടുത്തി റഷ്യ. യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇക്കാര്യത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയാറാണെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുട്ടിൻ, നിലപാട് മയപ്പെടുത്തിയത്.റഷ്യക്കാരുമായുള്ള വാർഷിക ചോദ്യോത്തര വേളയിൽ സ്‌റ്റേറ്റ് ടിവിയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് പുട്ടിൻ നിലപാട് വ്യക്തമാക്കിയത്.
യുക്രെയ്ൻ യുദ്ധത്തിലടക്കം ട്രംപുമായി ചർച്ചക്ക് റഷ്യ തയാറാണെന്നും പുട്ടിൻ പറഞ്ഞു. നാലു വർഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുട്ടിൻ, ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുന്നതോടെ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്രംപ്, പുട്ടിനുമായി ഫോണിൽ സംസാരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.