മഡ്രിഡ്: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മുൻ മേധാവി റോഡ്രിഗോ ററ്റോയെ (75) അഴിമതിക്കേസുകളിൽ മഡ്രിഡ് കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. നികുതിവെട്ടിപ്പ്, പണത്തട്ടിപ്പ് തുടങ്ങി 11 കേസുകളിൽ ഒരുവർഷം നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷ.
2010 -12 കാലയളവിൽ സ്പാനിഷ് ധനകാര്യസ്ഥാപനമായ ബാങ്കിയയുടെ ചെയർമാനായിരുന്ന കാലത്ത് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ആഡംബരച്ചെലവുകൾ നടത്തിയെന്ന കേസിൽ 2017 മുതൽ രണ്ടു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2004 -2007 കാലത്താണ് ഐ.എം.എഫ് മേധാവിയായത്. 1996 മുതൽ 2004 വരെ കൺസർവേറ്റിവ് പീപ്ൾസ് പാർട്ടി ഭരണകാലത്ത് സ്പെയിൻ ഉപപ്രധാനമന്ത്രിയായിരുന്നു.