കിന്‍ഷസ: കയറാവുന്നതിലും കൂടുതല്‍ ആളുകെ കയറ്റിയ ബോട്ട് മുങ്ങി 38 പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ബസിറ നദിയിലാണ് ബോട്ട് മുങ്ങിയത്. 100 ലധികം ആളുകളെ കാണാതായി. ബോട്ടില്‍ കയറ്റാവുന്നതില്‍ നാലിരട്ടിയോളം മടങ്ങ് അധികം ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ നിന്ന് 20 പേരെയാണ് ഇതിനോടകം രക്ഷിക്കാനായിട്ടുള്ളത്. ശനിയാഴ്ചയാണ് സംഭവം.
വെള്ളിയാഴ്ച രാത്രി കോംഗോയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഫെറി ബോട്ട് മുങ്ങി 25 പേര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ബസിറ നദിയിലെ അപകടം. സ്വദേശത്ത് നിന്ന് മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും കച്ചവടം ചെയ്യുന്നവരും അടക്കം അവരുടെ വാഹനങ്ങളില്‍ വീടുകളിലെത്താന്‍ ശനിയാഴ്ച മുങ്ങിയ ഫെറി ബോട്ടില്‍ കയറിയിരുന്നതായി ബസിറ നദിക്കരയിലെ അവസാനത്തെ ചെറുപട്ടണമായ ഇന്‍ഗെന്‍ഡെ മേയര്‍ പ്രതികരിച്ചു, ഇന്‍ഗെന്‍ഡെ, ലൂലോ എന്നിവിടങ്ങളിലേക്കായി പുറപ്പെട്ട ഫെറി ബോട്ടി 400ല്‍ ഏറെ പേരായിരുന്നു ഉണ്ടായിരുന്നത്.
ബോട്ടുകളില്‍ ആളുകളെ കുത്തി നിറച്ച് കൊണ്ട് പോവുന്ന സംഭവങ്ങള്‍ കോംഗോയില്‍ പതിവാണ്. ഇത്തരം ബോട്ടുകള്‍ക്ക് പിഴ ചുമത്തുന്നതും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത് തുടര്‍ന്നിട്ടും ആളുകളെ കുത്തി നിറയ്ക്കുന്ന പ്രവണതയില്‍ മാറ്റമില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. പൊതുഗതാഗതത്തിനുള്ള ചെലവ് വഹിക്കാനാവാത്തവര്‍ താല്‍ക്കാലിക ബോട്ടുകളില്‍ നദി കടക്കാന്‍ ശ്രമിക്കുന്നതും ഇവിടെ പതിവാണ്. ഒക്ടോബറില്‍ കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ ബോട്ട് മുങ്ങി 78 പേരാണ് കൊല്ലപ്പെട്ടത്. ജൂണ്‍ മാസത്തിലെ സമാന സംഭവത്തില്‍ 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.