വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോളിസി അഡൈ്വസറായി ഇന്ത്യന്‍ വംശജന്‍ ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യാ വിരുദ്ധ വികാരം അലയടിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീറാം കൃഷ്ണന്‍. ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്ത ശേഷം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രീറാമിനെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ രൂപപ്പെട്ട ഇന്ത്യ വിരുദ്ധ വികാരത്തിനെതിരെ മസ്‌കിന്റെ മുന്‍ പങ്കാളി എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. പോപ് ഗായികയായ ഗ്രൈംസ് തന്റെ ഇന്ത്യന്‍ വേരുകളെ കുറിച്ചാണ് കുറിപ്പില്‍ പങ്കുവെക്കുന്നത്.
തന്റെ രണ്ടാനച്ഛന്‍ ഇന്ത്യക്കാരനാണെന്നും താന്‍ ഒരു അര്‍ദ്ധഇന്ത്യന്‍ കുടുംബത്തിലാണ് വളര്‍ന്നതെന്നും ഗ്രിംസ് വെളിപ്പെടുത്തി. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയവും വര്‍ഗീയവുമായ സോഷ്യല്‍ മീഡിയ ആക്രമണം അവസാനിപ്പിക്കണമെന്നും ഗ്രൈംസ് ആവശ്യപ്പെട്ടു.
മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഫെയ്സ്ബുക്, സ്നാപ്, യാഹൂ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീറാം, ടെക് രംഗത്തെ പരിണിതപ്രജ്ഞനായ വ്യക്തിയാണ്. നോഷന്‍, കാമിയോ, കോഡ, സ്‌കേല്‍.എഐ, സ്‌പേസ് എക്‌സ്, ക്രെഡ്, ഖാത്തബുക്ക് ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുള്ള ശ്രീറാം 2017 മുതല്‍ 2019 വരെ ട്വിറ്ററിലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് ടീമുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം ഉയര്‍ത്തുന്നതില്‍ ശ്രീറാം പങ്കുവഹിച്ചിട്ടുണ്ട്. നിരവധി ഉല്‍പന്നങ്ങളും അദ്ദേഹത്തിന്റെ പങ്കാളിത്തത്തില്‍ ട്വിറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്.
2018ലാണ് ഗ്രൈംസും ഇലോണ്‍ മസ്‌കും പ്രണയത്തിലായത്. 2020 മേയില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് പിറന്നു. 2022ല്‍ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം വേര്‍പിരിഞ്ഞതായി ഗ്രൈംസ് വെളിപ്പെടുത്തിയിരുന്നു. മസ്‌കി തനിക്ക് രണ്ടാമതൊരു കുഞ്ഞു കൂടിയുണ്ടെന്നും ഗ്രൈംസ് വെളിപ്പെടുത്തിയിരുന്നു.