വത്തിക്കാൻ സിറ്റി: മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.
ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയാത്തത് പരസ്പരം സംസാരിക്കാത്തതു കൊണ്ടാണ്. തുറന്നു സംസാരിക്കുന്നത് മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധത്തിന്‍റെ ഇഴയടുപ്പം കൂട്ടും. സംസാരിക്കുകയും കേൾക്കുകയും ചെയ്യുമ്പോൾ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. അത് തലമുറകളെ ഒന്നിപ്പിക്കുമെന്നും മാർപ്പാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.