കോട്ടയം: ആസ്ട്രേലിയയുടെ വടക്കൻ പ്രവിശ്യ (എൻ.ടി) തെരഞ്ഞെടുപ്പിൽ മലയാളിക്ക് ജയം. പത്തനംതിട്ട സ്വദേശി ജിൻസൺ ആന്‍റോ ചാൾസ് ആണ് വിജയം കൊയ്ത് പ്രാദേശിക സർക്കാറിൽ മന്ത്രിയാകുന്നത്. ആന്‍റോ ആന്‍റണി എം.പിയുടെ സഹോദരപുത്രനാണ്.കായികം, ഭിന്നശേഷി, കല, വയോധികരുടെ വിഷയങ്ങൾ, സംസ്കാര വൈവിധ്യം എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്യുക.
ലേബർ കക്ഷിയുടെ മന്ത്രിയെ തോൽപിച്ചാണ് ജിൻസൺ ചാൾസ് ഉൾപ്പെടുന്ന ‘കൺട്രി ലിബറൽ പാർട്ടി’ (സി.പി.എൽ) വൻ വിജയം നേടിയത്. നിയമസഭയിലെ 25 സീറ്റിൽ 17ഉം സി.എൽ.പി നേടി. ഗുജറാത്തിൽ വേരുകളുള്ള ഖോഡ പട്ടേലും വിജയിച്ചു. ആഗസ്റ്റിലായിരുന്നു വോട്ടെടുപ്പ്.
ജിൻസൺ ചാൾസിന്റെ ഭാര്യ: അനു. എയ്മി (പത്തുവയസ്സ്), അന്ന (നാലു വയസ്സ്) എന്നിവർ മക്കളാണ്. നിലവിൽ ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡന്റാണ്. 2011ൽ നഴ്സിങ് ജോലിക്കായി ആസ്ട്രേലിയയിലെത്തിയതാണ് ഇദ്ദേഹം.