സിഡ്നി: ഇന്ത്യക്കാരിയായ ടെക്കിയുടെ കൊലപാതകത്തില്‍ പ്രതിയെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പോലീസ്. ന്യൂ സൗത്ത് വെയില്‍സിലെ സിഡ്നിയില്‍ 2015 മാര്‍ച്ച് ഏഴിനാണ് ബെംഗളൂരു സ്വദേശിനിയായ പ്രഭ അരുണ്‍കുമാര്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സിഡ്നിയിലെ രമത്ത പാര്‍ക്കില്‍ വെച്ച് കുത്തറ്റായിരുന്നു മരണം.
സംഭവം നടന്ന് പത്ത് വര്‍ഷമാകാറായിട്ടും ഓസ്ട്രേലിയന്‍ പോലീസിന് കേസില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല. പാര്‍ക്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മുഴുവന്‍ പോലീസ് അരിച്ചുപെറുക്കിയെങ്കിലും കൊലയാളിയുടെ വ്യക്തമായ ദൃശ്യങ്ങളൊന്നും തന്നെ കിട്ടിയില്ല. തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണ് പോലീസ് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വിവരം നല്‍കുന്നവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെങ്കില്‍ പോലും തുക നല്‍കുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജോലിയുടെ ഭാഗമായാണ് പ്രഭ ഓസ്ട്രേലിയയിലെത്തിയിരുന്നത്. മൈന്‍ഡ് ട്രീ ലിമിറ്റഡ് എന്ന ഇന്ത്യന്‍ ഐ.ടി. കമ്പനിയിലാണ് പ്രഭ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് അരുണ്‍കുമാറുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. തന്നെ ആരോ പിന്തുടരുന്നുവെന്ന് പ്രഭ പറഞ്ഞുവെന്നും ഇതിന് പിന്നാലെ അവര്‍ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് അരുണ്‍കുമാര്‍ പോലീസിനോട് പറഞ്ഞിരുന്നു.