ബര്‍ലിന്‍: ജര്‍മനിയില്‍ കുളമ്പുരോഗം സ്ഥിരീകരിച്ചു. ബര്‍ലിനിനടുത്തുള്ള ഒരു ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിത്. പകര്‍ച്ചവ്യാധിയായ കുളമ്പുരോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മന്‍ അധികൃതര്‍ നിയന്ത്രണ നടപടികള്‍ ശക്തമാക്കി. ബര്‍ലിന്‍ നഗരപരിധിക്ക് പുറത്തുള്ള ബ്രാന്‍ഡന്‍ബര്‍ഗിലെ ഹോനൗവിലെ ഒരു നീര്‍പ്പോത്തിന്റെ കൂട്ടത്തിലാണ് ആദ്യമായി കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തത്.
രോഗം കണ്ടെത്തിയ ഫാമിന് ചുറ്റും 3 കിലോമീറ്റര്‍ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. മൃഗങ്ങളെ സംരക്ഷിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനുമായി ബര്‍ലിനിലെ മൃഗശാലകള്‍ അടച്ചു. ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനം മൂന്ന് ദിവസത്തേക്ക് മൃഗങ്ങളെയും വഹിച്ചുള്ള ഗതാഗതം നിരോധിച്ചു.
മുന്‍കരുതല്‍ നടപടിയായി രോഗബാധ കണ്ടെത്തിയതിന് സമീപത്തെ ഫാമിലെ 200 ഓളം പന്നികളെ കശാപ്പ് ചെയ്തു. രോഗം ബാധിച്ച് ഹോനോവില്‍ മൂന്ന് നീര്‍പ്പോത്തുകള്‍ ചത്തതായി ബ്രാന്‍ഡന്‍ബര്‍ഗിലെ കൃഷി മന്ത്രി ഹങ്ക മിറ്റല്‍സ്‌റാഡ് പറഞ്ഞു. അതേ കൂട്ടത്തിലെ ശേഷിക്കുന്ന 11 എരുമകളെയും കൂടുതല്‍ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് കശാപ്പ് ചെയ്തു.
വൈറസ് പൊട്ടിപ്പുറപ്പെടുന്നത് രാജ്യത്തിന്റെ കാര്‍ഷിക കയറ്റുമതിയെ ബാധിക്കുമെന്ന ഭീഷണി ഉയര്‍ന്നതിനാല്‍ ജര്‍മനി കുളമ്പുരോഗത്തിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. കേസുകള്‍ അടങ്ങുന്നതുവരെ ജര്‍മനിയില്‍ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതി നിര്‍ത്തുമെന്ന് ദക്ഷിണ കൊറിയയും മെക്‌സിക്കോയും അറിയിച്ചതായി ജര്‍മനിയുടെ കാര്‍ഷിക മന്ത്രാലയ വക്താവ് പറഞ്ഞു. ഈ രോഗം കന്നുകാലി ഉടമകള്‍ക്ക് ഗണ്യമായ നഷ്ടത്തിനും കാരണമായി.