ലണ്ടന്‍ : ലണ്ടന്‍ നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരുടെ (റഫ് സ്ലീപ്പേഴ്‌സ്) എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ കണക്കെടുപ്പില്‍ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളില്‍ കണ്ടെത്തിയത്.
ഇതില്‍ പകുതിയിലേറെ പേരും മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ കണക്കില്‍ 704 പേര്‍ പുനരധിവാസത്തിനുള്ള വാഗ്ദാനങ്ങള്‍ നിരസിച്ച് വര്‍ഷങ്ങളായി തെരുവില്‍ തന്നെ കഴിയുന്നവരാണ്.
തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും ഇവര്‍ക്ക് താല്‍കാലിക താമസസൗകര്യം ഒരുക്കാനുമായി ലണ്ടനിലെ ലോക്കല്‍ കൗണ്‍സിലുകള്‍ പ്രതിദിനം നാല് മില്യന്‍ പൗണ്ടാണ് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍. ഇത്രയേറെ തുക ചെലവഴിച്ചിട്ടും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുന്നില്ല എന്നത് പോരായ്മയാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകള്‍ പറയുന്നത്.