ഡല്‍ഹി : ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫെബ്രുവരി 24 ന് പുനരാരംഭിക്കുമെന്ന് സൂചന. യുകെയുടെ ബിസിനസ്‌വ്യാപാര വകുപ്പ് മന്ത്രി ജോനാഥാന്‍ റെയ്‌നോള്‍ഡ്‌സും സംഘവും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും. ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ (ഐജിഎഫ്) ഏഴാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജോനാഥാന്‍ റെയ്‌നോള്‍ഡ്‌സ് ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയെത്തുടര്‍ന്ന് 2025 ന്റെ തുടക്കത്തില്‍ മുടങ്ങിക്കിടന്ന യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
2022 ജനുവരിയിലാണ് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ആദ്യമായി ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുക എന്നതാണ് കരാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാന്‍ പോകുന്നത്.
ഇത്തരം കരാറുകള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ ഉത്പന്നങ്ങളുടെ വിപണി പ്രവേശനം നല്‍കുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷനലുകള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.