ലണ്ടൻ: യുകെ മലയാളി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. കെന്റിലെ ഡാർട്ട്‌ഫോർഡിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശി ബാബു ജേക്കബ് (48) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ജിൻസി ആണ് ബാബു ജേക്കബിനെ വീടിനുള്ളിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടത്. തുടർന്ന് പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
സിഡ്കപ്പ് ക്വീൻ മേരീസ് ഹോസ്പിറ്റലിലെ കരാർ ജീവനക്കാരൻ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 വരെയുള്ള ഷിഫ്റ്റിൽ ബാബു ജേക്കബ് ജോലി ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ എത്തിയശേഷം ഭാര്യയെ രാത്രി 12 മണിയോടെ ഫോൺ ചെയ്തിരുന്നു. അതിന് ശേഷമാകാം കുഴഞ്ഞു വീണതും മരണം സംഭവിച്ചതെന്നും കരുതുന്നു. ആരോഗ്യപരമായി അസുഖങ്ങൾ ഒന്നും ബാബു ജേക്കബിനെ അലട്ടിയിരുന്നില്ല. പെരുമ്പാവൂർ കൂഴൂർ ഐരാപുരം കുഴിച്ചാൽ വീട്ടിൽ ജോസഫ് – മേരി ദമ്പതികളുടെ മകനാണ്. വെളിയന്നൂർ സ്വദേശിനിയായ ഭാര്യ ജിൻസി ജോസഫിന് കെന്റിലെ ഒരു സ്വകാര്യ കെയർ ഹോമിൽ ജോലി കിട്ടിയതിനെ തുടർന്ന് ഏകദേശം ഒരു വർഷം മുൻപാണ് ബാബു ജേക്കബ് യുകെയിൽ എത്തുന്നത്.
അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ദുഃഖത്തിലാണ് ഭാര്യ ജിൻസിയും ഡാർട്ട്ഫോർഡ് മലയാളി സമൂഹവും. ബാബുവിന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് നാട്ടിലുള്ളത്. ഇവരുടെയും കൂടി ആഗ്രഹ പ്രകാരം ബാബുവിന്റെ സംസ്കാരം നാട്ടിൽ വച്ച് നടത്തുവാനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ, യുക്മ സൗത്ത് ഈസ്റ്റ് റീജൻ എന്നിവയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.