ലണ്ടന്‍: യുകെയില്‍ വിദ്യാര്‍ഥി വീസയില്‍ എത്തിയ മലയാളി ദമ്പതികള്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കത്തി കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച ഭാര്യ അറസ്റ്റില്‍. നോര്‍ത്ത് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ആണ് സംഭവം നടന്നത്. പുറത്തു നിന്നും വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിനെ ഭാര്യ ആക്രമിച്ചു മുറിവേല്‍പ്പിക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷം മുന്‍പാണ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയത്. ഭാര്യ വിദ്യാര്‍ഥി വീസയിലും ഭര്‍ത്താവ് ആശ്രിത വീസയിലും ആണ്. പഠനം പൂര്‍ത്തിയാക്കിയ ഭാര്യ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയിലേക്ക് മാറിയിരുന്നു.
ഭര്‍ത്താവിന്റെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പാരാമെഡിക്സിന്റെ സഹായം തേടിയതോടെയാണ് പൊലീസ് കേസ് എടുത്തത്. ഇതേതുടര്‍ന്ന് ഭാര്യ അറസ്റ്റിലായതുമെന്നാണ് . അക്രമത്തിലേക്ക് നയിക്കാന്‍ ഉണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ലങ്കിലും മുന്‍പും വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. സംഭവം നടന്ന വീട്ടില്‍ ധാരാളം മലയാളികള്‍ ഒരുമിച്ചു താമസിച്ചിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ ഗവണ്മെന്റ് ഇടപെടുന്ന സാഹചര്യം ഉണ്ടായേക്കും.
കേസ് സങ്കീര്‍ണ്ണമായ സാഹചര്യത്തിലേക്ക് നീങ്ങിയാല്‍ സാക്ഷികള്‍ ആകേണ്ടി വരും എന്നതിനാല്‍ ദമ്പതികള്‍ക്ക് ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനും തയാറായിട്ടില്ല. യുകെ മലയാളികള്‍ക്കിടയില്‍ പലതരം ഗാര്‍ഹിക പീഡന വിവരങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭാര്യ ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുകെയിലെ നിയമ പ്രകാരം കൊലപാതക ശ്രമത്തിനാണ് കേസെടുക്കുക എന്നതിനാല്‍ ഭാര്യ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് കരുതപ്പെടുന്നത്.