Friday, March 14, 2025

HomeWorldEuropeഅയര്‍ലന്‍ഡില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം: വിചാരണ മാര്‍ച്ച് 24 ന് ആരംഭിക്കും

അയര്‍ലന്‍ഡില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം: വിചാരണ മാര്‍ച്ച് 24 ന് ആരംഭിക്കും

spot_img
spot_img

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തി. ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ജയിലില്‍ കഴിയുന്ന പ്രതിയായ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയത്.

2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ബെംഗ്‌ളൂരില്‍ സ്ഥിര താമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ താമസമായിരുന്ന മലയാളിയാണ് റെജിന്‍ രാജന്‍.

പ്രതിയായ റെജിന്‍ രാജന്‍ ചോദ്യം ചെയ്യലിലും കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന പ്രത്യേക സിറ്റിങിലും കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല. കേസിന്റെ വിചാരണ ആംഗ്ലീസി സ്ട്രീറ്റ് കോടതിയില്‍ മാര്‍ച്ച് 24 ന് ആരംഭിക്കും. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് പുതിയ വിചാരണ തീയതി നിശ്ചയിച്ചത്.

വിചാരണ ഏകദേശം മൂന്നാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. സാക്ഷികളില്‍ പലരും ഇന്ത്യയിലായതിനാല്‍ അയര്‍ലന്‍ഡില്‍ നടക്കുന്ന തെളിവെടുപ്പിന് എത്താന്‍ കഴിയുമോയെന്ന് വ്യക്തമല്ല എന്നതാണ് കേസില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. എന്നാല്‍ സാക്ഷികള്‍ക്ക് ഓണ്‍ലൈനായി തെളിവ് നല്‍കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

8,50,000 പേജുള്ള കുറ്റപത്രവും ഫോറന്‍സിക് തെളിവുകളും 110 മൊഴികളും ഉള്‍പ്പെടുന്ന രാജ്യാന്തര തലത്തില്‍ നടന്ന അന്വേഷണം വളരെ സങ്കീര്‍ണ്ണമായ ഒന്നായിരുന്നുവെന്ന് ആംഗ്ലീസിയ സ്ട്രീറ്റ് ഗാര്‍ഡ (പൊലീസ്) സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജേസണ്‍ ലിഞ്ച് പറഞ്ഞു.

ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസ്സുകാരനായ മകന്‍ റെയാന്‍ ഷാ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകന്റെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മകന്‍ ഇന്ത്യയില്‍ ദീപയുടെ ബന്ധുക്കള്‍ക്ക് ഒപ്പമാണ്.

കോര്‍ക്കിലെ എയര്‍പോര്‍ട്ട് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയര്‍ലന്‍ഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഭര്‍ത്താവിനെയും മകനെയും ദീപ അയര്‍ലന്‍ഡില്‍ ആശ്രിത വീസയില്‍ എത്തിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments