ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്.
ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിനുള്ള ഇന്റര്‍വ്യൂ മേയ് നാലിന് തുടങ്ങും. റിക്രൂട്ട്‌മെന്റ് യഥാര്‍ഥ്യമാകുന്നതോടെ ജര്‍മനിയിലേക്ക് സര്‍ക്കാറുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരം റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.
പതിമൂവായിരത്തില്‍പരം അപേക്ഷകരില്‍ നിന്നും ഷോര്‍ട്‌ലിസ്റ്റ് ചെയ്ത നാനൂറോളം പേരുടെ ഇന്റര്‍വ്യൂ മേയ് നാല് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്. ജര്‍മനിയില്‍ നിന്നും എത്തുന്ന പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍മാരുടെ സംഘമാണ് ഇന്റര്‍വ്യൂ നടത്തുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്സുമാര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും. ബി 1 ലവല്‍ പ്രാവീണ്യം നേടുന്ന മുറക്ക് ഇവര്‍ക്ക് ജര്‍മനിയിലേക്ക് വിസ അനുവദിക്കും. തുടര്‍ന്ന് ജര്‍മനിയില്‍ അസിസ്റ്റന്റ് നഴ്‌സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവല്‍ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.