ലണ്ടൻ: യുകെയിൽ മലയാളി യുവാവ് ബ്രെയിൻ ട്യൂമറിനെ തുടർന്നുള്ള ചികിത്സയിലിരിക്കെ അന്തരിച്ചു. കാർഡിഫിലെ മലയാളികളായ കോട്ടയം സ്വദേശി തയ്യിൽ തങ്കച്ചൻ, ബ്ലസി ദമ്പതികളുടെ മകനായ ആശിഷ് തങ്കച്ചൻ (35) ആണ് അന്തരിച്ചത്. രണ്ടു വർഷമായി ചികിത്സയിലായിരുന്നു. റെഡ്ഡിങിൽ വെച്ചായിരുന്നു അന്ത്യം.
റെഡ്ഡിങിൽ അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ. അഞ്ചു വയസ്സുള്ള ജെയ്ഡൻ ഏക മകനാണ്. ആശിഷിന്റെ സഹോദരി ആഷ്ലി അയർലൻഡിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നു. കലാ കായിക മേഖലകളിൽ നിറഞ്ഞുനിന്ന ആശിഷ് ഒരു നല്ല ഡാൻസറും കൊറിയോഗ്രാഫറും ആയിരുന്നു. സ്വകാര്യ ടിവി ചാനലുകളുടെ ഡാൻസ് ഷോകളിൽ പങ്കെടുത്തിരുന്നു.
കാർഡിഫിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബായ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രധാനതാരം, ദേശീയതല മത്സരങ്ങളിൽ ചാംപ്യനായ ബാഡ്മിന്റൺ പ്ലെയർ എന്നീ നിലകളിലും മികവ് തെളിയിച്ചിരുന്നു.
എല്ലാവരോടും വളരെ സ്നേഹത്തോടും പക്വതയോടും മാത്രം പെരുമാറിയിരുന്ന ആശിഷിന്റെ അകാല വേർപാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാർഡിഫിലെ മലയാളി സമൂഹവും. ക്നാനായ കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളാണ് ആശിഷും കുടുംബവും. സംസ്കാരം പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.