ഓണ്‍ലൈന്‍ ഡേറ്റിംഗ് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ 2400 കിലോമീറ്റര്‍ സഞ്ചരിച്ച് യുവതി. യുഎസിലാണ് സംഭവം നടന്നത്. യുഎസിലെ ഇന്ത്യാന സ്വദേശിയായ ജാസ്മിന് ട്രിഗ്സിനാണ് കാമുകനെ തേടി ഇത്രയും വലിയ യാത്ര നടത്തിയത്. ഓണ്‍ലൈന്‍ ഡേറ്റിംഗിലൂടെ പരിചയപ്പെട്ട ജമാലിനെ കാണാനാണ് ജാസ്മിന് ഇത്രയും ദൂരം സഞ്ചരിച്ചത്. ടെക്സാസിലേക്ക് ജാസ്മിനെ ജമാല്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവിടെയെത്തിപ്പോഴാണ് തന്നെ അയാള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന സത്യം ജാസ്മിൻ തിരിച്ചറിഞ്ഞത്.
ഒരാഴ്ചയോളമാണ് ജമാലുമായി ജാസ്മിന് ചാറ്റ് ചെയ്തത്. പതിയെ പതിയെ ജമാലിനോട് ജാസ്മിന് പ്രണയം തോന്നി. അങ്ങനെയിരിക്കെയാണ് ജാസ്മിനെ തന്റെ നഗരത്തിലേക്ക് ജമാല്‍ ക്ഷണിച്ചത്. ടെക്സാസിലാണ് താന്‍ എന്നാണ് ഇയാള്‍ ജാസ്മിനോട് പറഞ്ഞിരുന്നത്. അങ്ങനെ 31,643 രൂപ മുടക്കി ഇന്ത്യാനയില്‍ നിന്ന് ടെക്സാസിലേക്ക് ജാസ്മിന് വിമാനം കയറി. ഇന്ത്യാനയില്‍ ഏകദേശം 2400 കിലോമീറ്റര്‍ അകലെയാണ് ടെക്സാസ്. എന്നാല്‍ യാത്ര പുറപ്പെട്ടപ്പോള്‍ തന്നെ ജമാല്‍ ജാസ്മിന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
ഈ വിവരം ടെക്സാസ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ജാസ്മിന് മനസിലായത്. അവളെ കൂട്ടാന്‍ ജമാല്‍ എയര്പോര്ട്ടിലെത്തിയില്ല. ഉടനെ അവള് ജമാലിന് ഫോണ്‍ ചെയ്തു. എന്നാല്‍ ജമാലിന്റെ നമ്പരിലേക്ക് കോള്‍ പോയിരുന്നില്ല. മെസേജ് അയയ്ക്കാനും ശ്രമിച്ചു. ആ ശ്രമവും വിഫലമായതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം ജാസ്മിന് മനസിലായത്. തിരിച്ച് പോകാനുള്ള വിമാനടിക്കറ്റിന്റെ പണം താന്‍ നല്‍കാമെന്ന് ജമാല്‍ ജാസ്മിന് വാക്ക് നല്‍കിയിരുന്നു.
എന്നാല്‍ അതെല്ലാം വെറും വാഗ്ദാനങ്ങളായി അവശേഷിച്ചു. താന്‍ ഒരു റോബോട്ടിക്സ് കമ്പനി നടത്തുകയാണെന്നാണ് ജമാല്‍ ജാസ്മിനോട് പറഞ്ഞിരുന്നത്. ‘‘ഞങ്ങള്‍ ഒരുപാട് അടുത്തറിയാന്‍ ശ്രമിച്ചു. ലൈംഗിക താല്‍പ്പര്യങ്ങളെക്കുറിച്ചും സംസാരിച്ചു. എന്നെ കാണാതിരിക്കാന്‍ ആകില്ലെന്ന് അയാള്‍ പറഞ്ഞു. എന്റെ വരവ് പ്രമാണിച്ച് വീടും മുറിയും വൃത്തിയാക്കിയെന്നും പറഞ്ഞു. എന്നാല്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെയെത്തിയപ്പോഴേക്കും അയാള്‍ മുങ്ങി. എന്റെ കോളിനും മെസേജിനും യാതൊരു മറുപടിയുമില്ല,’’ ജാസ്മിന് പറഞ്ഞു.
ജമാല്‍ തന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്ന മനസിലാക്കിയ ജാസ്മിന് ആകെ പരിഭ്രാന്തിയിലായി. ഒടുവില്‍ തന്റെ ഒരു പഴയ സുഹൃത്തിന്റെ വീട്ടില്‍ ഇവര്‍ അഭയം തേടുകയായിരുന്നു. ജമാല്‍ തന്നെ പറ്റിച്ചതായിരിക്കാമെന്നാണ് ജാസ്മിന് ഇപ്പോള്‍ കരുതുന്നത്. അല്ലെങ്കില്‍ അയാള്‍ വിവാഹിതനോ മറ്റോ ആയിരിക്കാമെന്നും ജാസ്മിന് പറയുന്നു.