വീട്ടിൽ മാതാപിതാക്കൾ കഞ്ചാവ് വളർത്തുന്നുവെന്ന് ക്ലാസ്സ് ടീച്ചറോട് പറഞ്ഞ കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ന്യൂസ്നർ.കോം എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ പിതാവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന കുട്ടിയെ കാണാം. വീട്ടിൽ നിറയെ കഞ്ചാവ് കൃഷി ഉണ്ടെന്ന് ക്ലാസ്സ് ടീച്ചറോട് കുട്ടി വെളിപ്പെടുത്തിയതിനെത്തുടർന്ന് കുട്ടിയെ വിളിയ്ക്കാൻ വന്ന പിതാവിനോട് ടീച്ചർ വിവരങ്ങൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയോട് പിതാവ് കാര്യങ്ങൾ ചോദിക്കുന്നതും ഒടുവിൽ വീട്ടിലെ കഞ്ചാവ് കൃഷി കുട്ടി കാട്ടിത്തരുന്നതും വീഡിയോയിൽ കാണാം.
നമ്മുടെ വീട്ടിൽ നിറയെ കഞ്ചാവ് ഉണ്ടോ എന്ന പിതാവിന്റെ ചോദ്യത്തിന് ഉണ്ടെന്നും ക്ലാസ്സ് ടീച്ചറോട് താൻ അത് പറഞ്ഞതായും കുട്ടി സമ്മതിക്കുന്നു. തുടർന്ന് എവിടെയാണ് ആ ചെടികൾ വളർത്തുന്നത് എന്ന് കാണിക്കാമോ എന്ന ചോദ്യത്തിന് കുട്ടി പിതാവുമായി വീടിന് പുറത്തേക്ക് പോകുകയും മുറ്റത്തെ പൂന്തോട്ടത്തിൽ പുല്ല് വളർന്നു നിക്കുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കൂടാതെ ഇതെല്ലാം പിഴുത് കളയാൻ കുട്ടി പിതാവിനോട് ആവശ്യപ്പെടുന്നുമുണ്ട്. കൊച്ചു കുട്ടിയുടെ ഈ വെളിപ്പെടുത്തൽ സമൂഹിക മാധ്യമങ്ങളിൽ പൊട്ടിച്ചിരിക്ക് കാരണമായിട്ടുണ്ട്. കൂടാതെ തങ്ങളുടെ കുട്ടികൾ സൃഷ്‌ടിച്ച സമാന സംഭവങ്ങൾ പലരും പങ്ക് വയ്ക്കുന്നുമുണ്ട്.
തങ്ങളുടെ അഞ്ച് വയസ്സുള്ള മകൻ തങ്ങളുടെ ചിത്രം വരച്ചുകൊണ്ട് മാതാപിതാക്കൾ ജയിലിലാണെന്ന് അടിക്കുറിപ്പ് എഴുതിയ സംഭവം ഒരാൾ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ ഇവർ ജയിൽ ഉദ്യോഗസ്ഥരായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ വലിയ കുടുംബ പ്രശ്ങ്ങളാണ് ഇക്കാലത്ത് കുട്ടികൾ സൃഷ്ടിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
വാഹനമോടിക്കുമ്പോൾ കാപ്പി കുടിക്കുന്ന തന്നെ കണ്ടിട്ട് താൻ മദ്യപിക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് ” വാഹനമോടിക്കുമ്പോൾ അച്ഛൻ മദ്യപിക്കാറുണ്ടെന്ന് ” മകൻ ക്ലാസ്സ് ടീച്ചറോട് പരാതി പറഞ്ഞ സംഭവം മറ്റൊരാൾ ചൂണ്ടിക്കാട്ടി.