പാരിസ്: പാരിസില്‍ ഒളിംപിക്‌സ് ആരംഭിക്കാന്‍ ആഴ്ച്ചകള്‍ മാത്രമേ ബാക്കി നില്‍ക്കേ ഭവനരഹിതരായ ആയിരക്കണക്കിന് കുടിയേറ്റക്കാരെ പാരിസില്‍ നിന്ന് പുറത്താക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഭൂരിഭാഗം കുടിയേറ്റക്കാരോടും ലിയോണ്‍ അല്ലെങ്കില്‍ മാര്‍സെയില്‍ പോലുള്ള നഗരങ്ങളിലേക്ക് പോകാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കുടിയേറ്റക്കാര്‍ക്ക് അവരുടെ പുതിയ സ്ഥലങ്ങളില്‍ വീട് ലഭിക്കുമെന്ന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
പുതിയ നഗരങ്ങളില്‍ എത്തിയ ശേഷം, ഭവനരഹിതരായ കുടിയേറ്റക്കാര്‍ക്ക് മൂന്നാഴ്ച വരെ ഷെല്‍ട്ടറുകളില്‍ താമസിക്കാന്‍ അനുമതിയുണ്ട്. അതിനു ശേഷം ഓരോരുത്തരുടെയും അഭയാര്‍ഥി യോഗ്യത പരിശോധിക്കും. യോഗ്യരായവര്‍ക്ക് വീട് നല്‍കുമെന്നാണ് വാഗ്ദാനം.
ഒളിംപിക് ഗെയിംസ് രാജ്യത്തിന്റെ മഹത്വം പ്രദര്‍ശിപ്പിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ പറയുന്നത്. ഫ്രാന്‍സില്‍ ഏകദേശം 7 ദശലക്ഷം കുടിയേറ്റക്കാരാണ് താമസിക്കുന്നത്. അതായത്, ജനസംഖ്യയുടെ 10.3 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷമായി പൊലീസും കോടതികളും ചേര്‍ന്ന് ഏകദേശം 5,000 പേരെയാണ് നഗരത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് പാരിസിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ക്രിസ്റ്റോഫ് നോയല്‍ ഡു പയ്റാറ്റ് പറയുന്നു.