ലണ്ടന്‍: ബ്രിട്ടന്‍ കൗണ്‍സിലറായ മലയാളി യുവതിക്ക് അഞ്ചു കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്. ബ്രിട്ടനില്‍ മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിനാണ് നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായ കോട്ടയം പാല സ്വദേശി ഡോ. ജൂണ സത്യനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹയായത്.
പാലാ സ്രാമ്പിക്കല്‍ തോമസ് – ഡെയ്‌സി ദമ്പതികളുടെ മകളാണ്. ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. യുകെയിലെ എന്‍ജിനീയറിങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇ.പി.എസ്.ആര്‍.സി) മെയ്‌സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്‌കോളര്‍ഷിപ്പായി അനുവദിച്ചത്.
അധ്യാപനത്തിലും ഗവേഷണത്തിലും വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ബ്രിട്ടനില്‍ പൊതുരംഗത്തും ഏറെ തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വമാണ് ഡോ. ജൂണ സത്യന്‍. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജൂണ മേയ് മാസം മുതല്‍ പ്രാദേശിക കൗണ്‍സിലറുമാണ്. ന്യൂകാസില്‍ ബ്ലേക് ലോ ഡിവിഷനില്‍ നിന്നാണ് ലേബര്‍ ടിക്കറ്റില്‍ മിന്നും വിജയം നേടി ജൂണ സത്യന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഭര്‍ത്താവ് ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണി റോയല്‍ മെയില്‍ ഉദ്യോഗസ്ഥനാണ്. ഫുട്‌ബോള്‍ പരിശീലകനായും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളായ മിലന്‍ സത്യ, മിലിന്ദ് സത്യ എന്നിവരാണ് മക്കള്‍.
ലേസര്‍ സാങ്കേതികവിദ്യയ്ക്കു മുന്നേ ആരംഭിച്ചതാണ് മെയ്‌സര്‍. 1950ലായിരുന്നു ഇത്. എന്നാല്‍ വളരെ കുറച്ച് പുരോഗതിയേ ഈ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ പിന്നീട് സംഭവിച്ചുള്ളൂ. മെയ്‌സറുകളുടെ നിര്‍മാണത്തിനുള്ള ചെലവേറിയതും സങ്കീര്‍ണവുമായ സാഹചര്യങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് തടസമായത്.
വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും മാത്രം പ്രവര്‍ത്തിക്കുന്ന മെയ്‌സര്‍ ഡിവൈസുകള്‍ വളരെ ചുരുങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു ഇതിന്റെ പരിമിതി. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഗവേഷണഫലമായി ഡോ. ജൂണ സത്യനും സഹപ്രവര്‍ത്തകരും വികസിപ്പിച്ചെടുത്തത് സാധാരണ മുറിക്കുള്ളിലെ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെയ്‌സര്‍ ഡിവൈസാണ്. ഇതില്‍ വിജയം വരിച്ച ജൂണയ്ക്ക് ഇതിനുള്ള ഗവേഷണങ്ങളുടെ പുരോഗതിക്കായാണ് റിസര്‍ച്ച് കൗണ്‍സില്‍ ഇത്രയും വലിയ തുക ഗ്രാന്റായി അനുവദിച്ചിരിക്കുന്നത്.