സാബു ചുണ്ടക്കാട്ടിൽ
സ്കോട്‌ലൻഡ്: സ്കോട്‌ലൻഡ് മലയാളി വാണി തോമസ് സ്കോട്ടിഷ് ഗവൺമെന്റിന്റെ കെയർഹോം നഴ്‌സ് ഓഫ് ദി ഇയർ 2023 അവാർഡിന് അർഹയായി. ബെനോർ നഴ്സിങ് ഹോമിൽ കഴിഞ്ഞ നാലുവർഷമായി ജോലിചെയ്തുവരുന്ന വാണി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിച്ചത്.ആയിരത്തിലധികം നോമിനേഷനുകളിൽ നിന്നുമാണ് വാണി വിജയി ആയതെന്നതും അവാർഡിന്റെ മാധുര്യം കൂട്ടുന്നു.
ആലപ്പുഴ, എടത്വാ സ്വദേശിനിയാണ്. അവാർഡ് നെറ്റിൻ്റെ രണ്ടു ദിവസം മുൻപ് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയാറാക്കുമ്പോൾ നഴ്‌സിങ് ഹോം അധികൃതർ ഫോൺ വിളിച്ചു അറിയിച്ചപ്പോൾ മാത്രമാണ് താൻ നോമിനേറ്റ് ചെയ്‌ത വിവരവും, ഫൈനലിസ്റ്റിൽ എത്തിയ കാര്യവും വാണി അറിയുന്നത്. ഗ്ളാസ്‌ക്കോയിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫൈനലിസ്റ്റുകളായി എത്തിയ മറ്റു രണ്ടു തദ്ദേശീയരെയും പിന്തള്ളിയായിരുന്നു വാണിയുടെ നേട്ടം.
പ്രതിബന്ധങ്ങളെ തരണം ചെയ്തുള്ള വാണിയുടെ കുതിപ്പ് ആരെയും അമ്പരപ്പിക്കുന്നതാണ്. നഴ്സിംഗ് ഹോമിൽ ഡിസ്ട്രിക്റ്റ് നഴ്‌സിന്റെ ജോലികൾ വരെ ഏറ്റെടുത്തു ചെയ്ത വാണി, സ്റ്റാഫ് ഷോർട്ടജ് ഉള്ള മേഖലകളിലെല്ലാം കടന്നുചെന്നു നടത്തിയ പ്രവർത്തനങ്ങളും,കോവിഡ് സമയത്തെ പ്രവർത്തനങ്ങളുമെല്ലാം അവാർഡിന് പരിഗണിക്കാൻ കാരണമായി.
2006 കർണാടകയിലെ തുങ്കൂരിൽ സിന്ധ ഗംഗാ നഴ്സിംഗ് സ്കൂളിൽ നഴ്സിങ് പഠനം പൂർത്തിയാക്കുകയും തുടർന്ന് ബോംബെയിൽ ലീലാവതി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തായിരുന്നു തുടക്കം. അതിനു ശേഷം സൗത്ത് അമേരിക്കയിലെ ഗയാനയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു.2008 മുതൽ 2019 വരെ ഗയാനയിൽ ജോലി ചെയ്തു വരവേ 2010 ൽ ബെസ്ററ് നേഴ്സ് അവാർഡും വാണിയെ തേടിയെത്തി.
2019 ൽ യുകെയിൽ എത്തി. സ്കോർട്ട്ലാണ്ടിലെ ബെനോർ നഴ്സിങ് ഹോമിൽ കഴിഞ്ഞ നാലുവർഷമായി ജോലിചെയ്തു വരുകയാണ് ഇപ്പോൾ സ്കോർടീഷ് ഗവൺമെന്റിന്റെ കെയർ ഹോമിലെ ബെസ്ററ് നഴ്സസ് അവാർഡിന് അർഹയായത്. ഭർത്താവ് ജോർജ് തോമസ്. മെൽവിൻ,മെറീസാ ,മിലൻ എന്നിവർ മക്കളാണ്. ഗ്ലാസ്കോയിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ചാണ് അവാർഡ് വാണി ഏറ്റുവാങ്ങിയത്. സഹോദരീ വർഷയും ഭർത്താവ് റോസ്‌ബിനും കുടുംബ സമേതം മാഞ്ചസ്റ്ററിൽ താമസിക്കുന്നു. ഇരുവരും വിഥിൻഷോ ഹോസ്പിറ്റലിൽ നഴ്സാണ്.