ഡബ്ലിൻ:അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലയാളി നഴ്സിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഫിനഫാൾ പാർട്ടി. കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിൻ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സുമായ മഞ്ജു ദേവിയെയാണ് ഭരണകക്ഷിയായ ഫിനഫാൾ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അയർലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി പാർലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാർഥിയാകുന്നത്.
ഡബ്ലിൻ ഫിംഗാൽ ഈസ്റ്റ് മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാർഥിയായാണ് മഞ്ജു മത്സരിക്കുക. ഔദ്യോഗികമായി തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഡിസംബർ ആദ്യവാരത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകൾ.
ആരോഗ്യപരിപാലനം, ഡിസബിലിറ്റി സേവനങ്ങൾ, കായിക രംഗം എന്നിവയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രാധാന്യം നൽകുന്നതെന്ന് മഞ്ജു ദേവി മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇവ കൂടാതെ വീട്, ജീവിതച്ചെലവ് എന്നിവ സംബന്ധിച്ച പൊതുജനങ്ങൾ ദിനംപ്രതി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള വഴികളും പ്രചാരണ വിഷയങ്ങളാകുമെന്ന് മഞ്ജു ദേവി അറിയിച്ചു.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയും അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ ഫിംഗ്ലാസ് ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകരിൽ ഒരാളുമായ ശ്യാം മോഹനാണ് മഞ്ജു ദേവിയുടെ ഭർത്താവ്. അയർലൻഡ് അണ്ടർ 15 ക്രിക്കറ്റ് ടീമിന് വേണ്ടി മത്സരിച്ചിട്ടുള്ള ദിയ ശ്യം, ടെക്സാക്കോ ചിൽഡ്രൻസ് ആർട്ട് മത്സരത്തിൽ വിജയിയായ ശ്രേയ ശ്യം എന്നിവരാണ് മക്കൾ. ഇന്ത്യയിലെ ആദ്യകാല കരസേന അംഗങ്ങളിൽ ഒരാളും പരേതനുമായ ഹവിൽദാർ മേജർ കെ എം ബി ആചാരിയാണ് മഞ്ജുവിന്റെ പിതാവ്.