Thursday, November 21, 2024

HomeWorldEuropeചരിത്രനിമിഷം; ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി മലയാളി ബിജോയ് സെബാസ്റ്റ്യൻ

ചരിത്രനിമിഷം; ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി മലയാളി ബിജോയ് സെബാസ്റ്റ്യൻ

spot_img
spot_img

ലണ്ടൻ: അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓപ് നഴ്സിങ്ങിന്റെ പ്രസിഡന്റായി മലയാളിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്നും ഒരാൾ ഈ സ്ഥാനത്ത് എത്തുന്നത്.

ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയാണ് യൂണിവേഴസിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ. യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒന്നടങ്കം ഏകമനസോടെ ബിജോയിലെ പിന്തുണച്ചതോടെയാണ് സ്വദേശികളായ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളികളായ നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും.

ബ്രിട്ടനിലെ മലയാളികൾക്കാകെ അഭിമാനം നൽകുന്ന വിജയമാണ് ഇന്നലെ ബിജോയ് സ്വന്തമാക്കിയത്. ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയ വഴിയും മലയാളി നഴ്സുമാർക്കിടയിൽ ബിജോയിയുടെ സ്ഥാനാർഥിത്വത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ബിജോയ് ഉൾപ്പെടെ ആറുപേരാണ് മൽസരരംഗത്ത് ഉണ്ടായിരുന്നത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിൽ പ്രവർത്തനം ആരംഭിച്ച റോയൽ കോളജ് ഓഫ് നഴ്സിംങ്ങിന് ഇപ്പോൾ അഞ്ചുലക്ഷത്തിൽ പരം അംഗങ്ങളുണ്ട്. ആരോഗ്യ സംരംക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആർ.സി.എൻ.

കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻ്ഡ്-5 നഴ്സായി ബിജോയ് ബ്രിട്ടണിൽ എത്തുന്നത്. ഇംപീരിയൽ കോളജ് എൻ.എച്ച്.എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ൽ ബാൻഡ് -6 നഴ്സായും 2016ൽ ബാൻഡ് -7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ് -8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. 2012ലാണ് ബിജോയ് റോയൽ കോളജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുക്കുന്നത്.

കൃഷിവകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ ആലപ്പുഴ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സായ ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേൽ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ നഴ്സുമാരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments