ലണ്ടൻ:കഴിഞ്ഞമാസം ബ്രിട്ടനിൽ കനത്ത നാശം വിതച്ച ബെർട്ട് കൊടുങ്കാറ്റിനു പിന്നാലെ ഡാറാ കൊടുങ്കാറ്റ് രാജ്യത്ത് കനത്ത നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 90 മൈൽ വേഗതയിൽ (144 കിലോമീറ്റർ) ആഞ്ഞുവീശുന്ന കൊടുങ്കാറ്റ് വെയിൽസിലാകും ഏറ്റവും അധികം ബാധിക്കുക.
വെയിൽസിന്റെ വിവിധ ഭാഗങ്ങളിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുമായി കാറ്റു വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ 30 ലക്ഷത്തോളം ആളുകൾ റെഡ് അലർട്ട് പരിധിയിലാണ്. കഴിയുമെങ്കിൽ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ഡ്രൈവിംങ് ഒഴിവാക്കണമെന്നും ഇവർക്ക് മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ ആളുകൾക്ക് മൊബൈൽ ഫോണിലൂടെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നത്. 10 സെക്കൻഡ് നീളുന്ന സൈറൺ സന്ദേശമായാണ് ജനങ്ങൾക്ക് മൊബൈൽ ഫോണിൽ മുന്നറിയിപ്പ് ലഭിച്ചത്.
ശനിയാഴ്ച പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ ഡാറാ കൊടുങ്കാറ്റ് വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പുള്ളത്. ബ്രസ്റ്റോൾ, കാഡിഫ് തുടങ്ങിയ നഗര പ്രദേശങ്ങളും കൊടുങ്കാറ്റ് ഭീതിയുള്ള പ്രദേശങ്ങളുടെ പരിധിയിൽ വരും. മരങ്ങൾ കടപുഴകി വീഴാനും തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.