ലെസ്റ്റര്‍: യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം. ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആന്ധ്ര പ്രകാശം ജില്ലയിലെ ചിമകുര്‍ത്തി സ്വദേശിയും സ്വാന്‍സിയ യൂണിവേഴ്‌സിറ്റി മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയുമായ ചിരഞ്ജീവി പാംഗുലൂരി (32) ആണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ ആശുപത്രിയിലാണ്.
അപകടകരമായ രീതിയില്‍ വാഹനമോടിച്ചതാണ് മരണ കാരണമെന്ന് സംശയിച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 ന് ശേഷമാണ് അപകടം നടന്നത്. വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ചാരനിറത്തിലുള്ള മസ്ദ കാറാണ് ലെസ്റ്റര്‍ കിബ്വര്‍ത്തിലെ എ6 റോഡില്‍ അപകടത്തില്‍പ്പെട്ടത്.
ഹൈദരാബാദില്‍ സ്വദേശിനി പ്രണവി (25), അനകപ്പള്ളി ജില്ലയിലെ ചോടവാരത്ത് സ്വദേശി സായി ബദരീനാഥ് തെനെറ്റി (23), ഗുണ്ടൂര്‍ ജില്ലയിലെ പാമിഡിപ്പാട് സ്വദേശി യമലയ്യ ബണ്ട്ലാമുടി (27) എന്നിവരാണ് പരുക്കേറ്റവര്‍. ഇവര്‍ യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റിളിലെ വിദ്യാര്‍ഥികളാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരില്‍ പ്രണവി ഒഴികെ ഉള്ളവരുടെ പരുക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന് കരുതുന്നില്ലെന്ന് ലെസ്റ്റര്‍ഷയര്‍ പൊലീസ് പറഞ്ഞു.
പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പേര് വെളിപ്പെടുത്താന്‍ കഴിയാത്ത 27 വയസ്സുകാരനായ ഡ്രൈവര്‍ ഉള്‍പ്പടെയുള്ള അഞ്ച് വിദ്യാര്‍ഥികളും ലെസ്റ്ററില്‍ താമസിച്ചു വരികയായിരുന്നു. ഇവര്‍ പഠനത്തോടൊപ്പം പാര്‍ട്ട് ടൈമായി വെയര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ജോലിക്കായി കാറില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മഴയുള്ള കാലാവസ്ഥയെത്തുടര്‍ന്ന് ടയറുകള്‍ തെന്നിയാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ ഡ്രൈവര്‍ റോഡരികിലെ മരത്തില്‍ ഇടിക്കാന്‍ ശ്രമിച്ചതായും തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നി ഒരു ചരിവിലൂടെ താഴേക്ക് വീഴുകയായിരുന്നുവെന്നും കാറില്‍ സഞ്ചരിച്ചവര്‍ മൊഴി നല്‍കിയിട്ടുണ്ട്.