ലണ്ടന്‍: തെക്കന്‍ ലണ്ടനിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായ ഓസ്ട്രേലിയന്‍ യുവതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 29 കാരിയായ ജെസിക്ക പാര്‍ക്കിന്‍സണിനെ രണ്ടാഴ്ച മുന്‍പാണ് കാണാതായത്. സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് വിചിത്രമായ മറുപടികള്‍ നല്‍കിയ ശേഷമാണ് ജെസിക്ക അപ്രത്യക്ഷയായത്. ഡിസംബര്‍ എട്ടിന് ക്വീന്‍സ്ലാന്‍ഡിലെ ബന്ധുക്കളുമായി സമ്പര്‍ക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.
ടെക്‌സസ് ജോസ് എന്ന റസ്റ്ററന്റില്‍ വെയ്ട്രസ് ആയി ജോലി ചെയ്തിരുന്ന ജെസിക്ക തുടര്‍ച്ചയായി നാല് ഷിഫ്റ്റുകളില്‍ ജോലിക്ക് ഹാജരായില്ല. മാനേജര്‍ സന്ദേശമയച്ചപ്പോള്‍, പുറപ്പെടാന്‍ വൈകി ഉടന്‍ എത്തുമെന്നുമായിരുന്നു മറുപടി. എന്നാല്‍, ജെസിക്ക എത്തിയില്ല. ഒരു സഹപ്രവര്‍ത്തകന് വിചിത്രമായ സന്ദേശം അയച്ചിരുന്നുവെങ്കിലും ജോലിക്ക് വരാത്തതിനെ കുറിച്ച് അതില്‍ പരാമര്‍ശമില്ലായിരുന്നു.
താമസ സ്ഥലവുമായി ബന്ധപ്പെട്ട് ജെസിക്ക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഷെയര്‍ ഫ്‌ലാറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ജെസിക്ക ബറോ ഹൈ സ്ട്രീറ്റിലെ സെന്റ് ക്രിസ്റ്റഫര്‍ ഇന്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അഞ്ചടി നാലിഞ്ച് ഉയരവും ചെമ്പന്‍ മുടിയും നീലക്കണ്ണുകളുമുള്ള ജെസിക്കയെ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് മെറ്റ് പൊലീസ് അറിയിച്ചു.