Monday, March 31, 2025

HomeWorldMiddle East29 കോടിയുടെ സാധനങ്ങള്‍ തട്ടിയെടുത്ത് കടയുടമയായ ഇന്ത്യക്കാരന്‍ യുഎഇ വിട്ടു

29 കോടിയുടെ സാധനങ്ങള്‍ തട്ടിയെടുത്ത് കടയുടമയായ ഇന്ത്യക്കാരന്‍ യുഎഇ വിട്ടു

spot_img
spot_img

യുഎഇയില്‍ 29 കോടി രൂപയുടെ സാധനങ്ങളുമായി കടയുടമയായ ഇന്ത്യന്‍ പൗരന്‍ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. ദുബായില്‍ ‘ഡൈനാമിക്’ എന്ന സ്ഥാപനം നടത്തിവന്നിരുന്നയാളാണ് കടയിലെ 12 മില്യണ്‍ ദിര്‍ഹം (29 കോടിരൂപ) വിലവരുന്ന സാധനങ്ങളുമായി കടന്നുകളഞ്ഞത്. ദുബായ് സിലിക്കന്‍ ഒയാസിസിലാണ് കമ്പനി സ്ഥിതി ചെയ്തിരുന്നത്. കമ്പനിയുടെ വെയര്‍ഹൗസും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ കമ്പനി പൂട്ടിയിട്ട അവസ്ഥയിലാണ്. ജീവനക്കാരെയും കണ്ടെത്താനായിട്ടില്ലെന്ന് പരാതിക്കാര്‍ പറഞ്ഞു. കമ്പനിയുടമയായ ഇന്ത്യന്‍ പൗരന്‍ യുഎഇ വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് ?

തുടക്കത്തില്‍ കമ്പനി തങ്ങളുടെ വിതരണക്കാരില്‍നിന്ന് ചെറിയ തുകയ്ക്കാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. പിന്നീട് ഐഫോണ്‍, ലാപ്‌ടോപ്, നിര്‍മാണ സാമഗ്രികള്‍ എന്നിവയും വിതരണക്കാരില്‍ നിന്ന് വാങ്ങിയിരുന്നു. ഇതിനുപകരമായി പോസ്റ്റ് ഡേറ്റഡ് ചെക്കും ഇവര്‍ക്ക് നല്‍കി. എന്നാല്‍ രണ്ടാഴ്ച മുമ്പ് കമ്പനി അടച്ചുപൂട്ടി കോടിക്കണക്കിന് വിലവരുന്ന സാധനങ്ങളുമായി ഉടമ കടന്നുകളഞ്ഞു. ഇയാള്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതായും വിതരണക്കാര്‍ പറഞ്ഞു.

ബദാം, പയറുവര്‍ഗങ്ങള്‍, അരി തുടങ്ങിയവ ഈ സ്ഥാപനത്തിലേക്ക് വിതരണം ചെയ്ത പാകിസ്ഥാനി സ്വദേശിയായ യുവതിയും പരാതിയുമായി രംഗത്തെത്തി. ’’ ഞാന്‍ അവരെ വിശ്വസിച്ചു. 300,000 ദിര്‍ഹം അവര്‍ മുന്‍കൂറായി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് 800,000 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ടു,’’ അവര്‍ പറഞ്ഞു.

267,000 ദിര്‍ഹം വിലമതിക്കുന്ന ലാപ്‌ടോപ്പുകളും റൗട്ടറും നഷ്ടപ്പെട്ടതായി തട്ടിപ്പിനിരയായ എംഎംസി ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രതിനിധിയായ വാജിഹ് ഷാഹിദ് പറഞ്ഞു. കമ്പനിയുടമ ആദ്യം നല്‍കിയ ചെക്ക് മാറി തങ്ങള്‍ പണം പിന്‍വലിച്ചിരുന്നുവെന്നും അന്നൊന്നും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ആ വിശ്വാസത്തിന് പുറത്താണ് സാധനങ്ങള്‍ നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു.

200ലധികം കമ്പനികളും ഉപഭോക്താക്കളുമാണ് ഈ കമ്പനിയുടെ തട്ടിപ്പിനിരയായതെന്നാണ് റിപ്പോര്‍ട്ട്. 78,000 ദിര്‍ഹം വിലയുള്ള ലാപ്‌ടോപ്പുകളും നെറ്റ്‌വര്‍ക്ക് കേബിളുകളാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഓഫ്‌സെറ്റ്ഫി ട്രേഡിംഗ് സ്ഥാപനം നടത്തുന്ന ജെര്‍നാസ് ബ്രിട്ടോ പറഞ്ഞു. തങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കമ്പനിയുടമ വ്യാജ ട്രേഡിംഗ് ലൈസന്‍സും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഹാജരാക്കിയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം ഒരു ചൈനീസ് കമ്പനിയുടെ സെയില്‍ എക്‌സിക്യൂട്ടീവായ മുഹമ്മദിനെപ്പോലെയുള്ളവരും ഈ കമ്പനിയുടെ തട്ടിപ്പിനിരയായി. മുഹമ്മദിന്റെ കമ്പനിയില്‍ നിന്നും 52000 ദിര്‍ഹം വിലമതിക്കുന്ന പവര്‍ ടൂളുകള്‍ ഈ കമ്പനിയിലേക്ക് വിതരണം ചെയ്തിരുന്നു. കമ്പനിയെപ്പറ്റി കൃത്യമായി പരിശോധിക്കാതെ വിതരണം നടത്തിയതിന്റെ ഭാഗമായി തന്റെ ജോലി നഷ്ടപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു. സമാനമായി കമ്പനിയിലേക്ക് ഹോട്ടല്‍ ടവല്‍ വിതരണം ചെയ്ത ലെബനീസ് പൗരനും 180,000 ദിര്‍ഹമാണ് നഷ്ടമായത്.

ഇതോടെ തട്ടിപ്പിനിരയായവര്‍ കമ്പനിയ്‌ക്കെതിരെ പരാതിയുമായി അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലെത്തി. കമ്പനി നല്‍കിയ ചെക്കുകള്‍ മടങ്ങിയ വിവരവും പരാതിക്കാര്‍ പോലീസിനെ അറിയിച്ചു. ഡൈനാമിക് കമ്പനി വിതരണക്കാര്‍ക്ക് മുന്നിലവതരിപ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിന് മറ്റ് പല തട്ടിപ്പ് കമ്പനികളുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments