കൊച്ചി : സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍നിന്നുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നിര്‍ത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വീസ നിര്‍ത്തലാക്കിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികളും ജനറല്‍ സര്‍വീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാന്, എത്യോപ്യ, ജോര്‍ദാന്‍, ബംഗ്ലാദേശ്, അള്‍ജീരിയ, സുഡാന്, ഇറാഖ്, മൊറോക്കോ, യമന്‍, ഇന്തോനേഷ്യ, ടുനീഷ്യ, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് നിരോധനം.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ സേവനം അപ്രത്യക്ഷമായതെന്ന് പ്രമുഖ ജനറല്‍ സര്‍വീസ് ഗ്രൂപ്പായ ഒയാസിസ് ജനറല്‍ മാനേജര്‍ സുഹൈല്‍ സലീം പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനിലുള്ള ട്രാവല്‍ ഏജന്‍സികള്‍ സൗദി വിദേശകാര്യ വകുപ്പിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയപ്പോള്‍ താല്‍ക്കാലികമായി മള്‍ട്ടിപ്പിള്‍ വീസ സംവിധാനം നിര്‍ത്തിയതായി ഇ-മെയില്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട് തുടങ്ങിയ വിഎഫ്എസ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വീസ ഇപ്പോള്‍ അടിക്കുന്നുമില്ല.
സ്കൂള്‍ അവധി കണക്കുകൂട്ടി കുടുംബത്തെ സൗദിയിലെത്തിക്കാന്‍ വീസയ്ക്ക് അപേക്ഷിച്ചപ്പൊഴാണ് ഈ നിയന്ത്രണം പോര്‍ട്ടലില്‍ കാണുന്നതെന്ന് ചിലര്‍ പറയുന്നു. മധ്യവേനലവധിക്ക് എല്ലാ വര്‍ഷവും നാട്ടില്‍ നിന്നും കുട്ടികളടക്കം കുടുബത്തെ മലയാളികളടക്കമുള്ളവര്‍ സന്ദര്‍ശവീസ തരപ്പെടുത്തി എത്തിച്ചിരുന്നു, വാര്‍ത്ത ഓദ്യോഗിതമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആശങ്കയിലും നിരാശയിലുമാണ് പ്രവാസികള്‍.