റിയാദ്: സൗദി അറേബ്യയില്‍ ഭക്ഷണശാലകളില്‍ പൂച്ചകളെയോ എലികളെയോ കണ്ടെത്തിയാല്‍ 2000 റിയാല്‍ പിഴ ചുമത്തുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഭക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പല്‍ ലൈസന്‍സ് നേടിയില്ലെങ്കില്‍ 50,000 റിയാല്‍ വരെ പിഴ ചുമത്തും. ലൈസന്‍സില്ലാത്ത സ്ഥലങ്ങളില്‍ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യുന്നതിനും 2000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.
കരട് അന്തിമ രൂപത്തിലാക്കുന്നതിന് മുന്‍പ് പൊതുജനാഭിപ്രായവും നിര്‍ദ്ദേശങ്ങളും തേടി എസ്എഫ്ഡിഎ പൊതു സര്‍വേ പ്ലാറ്റ്ഫോമായ ഇസ്തിത്ലായില്‍ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ലൈസന്‍സ് കാലാവധി കഴിഞ്ഞതിന് ശേഷം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, ലൈസന്‍സുള്ളതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും 5,000 റിയാല്‍ വരെ പിഴ ചുമത്തും. തെറ്റായ വിവരങ്ങള്‍ നല്‍കി ലൈസന്‍സ് നേടുന്നവര്‍ക്കും ഇതേ തുക തന്നെയാണ് പിഴ ചുമത്തുക.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടോ മറ്റോ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയ സ്ഥാപനം, അടച്ചുപൂട്ടല്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തും. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വസ്തുക്കള്‍ അനുമതിയില്ലാതെ നശിപ്പിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്താല്‍ 5,000 റിയാലും പിഴ ഈടാക്കും.
ശുചിത്വ ലംഘനങ്ങള്‍ക്ക് 200 മുതല്‍ 4,000 റിയാല്‍ വരെയാണ് പിഴ. മലിനജലം ചോര്‍ന്നൊലിക്കുന്നതിനും സ്ഥാപനത്തിനുള്ളില്‍ കവിഞ്ഞൊഴുകുന്നതിനും പരമാവധി പിഴ 4,000 വരെ ഈടാക്കും. ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ വൃത്തിയാക്കാത്തതിന് 1,000 റിയാലും, ആവശ്യത്തിന് ഉപയോഗിക്കാന്‍ വെള്ളം ലഭ്യമാക്കാതിരുന്നാലും, ഹോം ഡെലിവറിയുടെ ശുചിത്വം കുറവാണെങ്കിലും 1000 റിയാല്‍ പിഴയൊടുക്കേണ്ടിവരും.