ദുബായ് : ആറ് മാസമായി തുടരുന്ന ലോക എക്‌സ്‌പോ 2020 ദുബായുടെ സമാപനച്ചടങ്ങ് ചരിത്ര സംഭവമാക്കാന്‍ സംഘാടകര്‍.
മാര്‍ച്ച് 31ന് നടക്കുന്ന സമാപനത്തിന്റെ ഭാഗമായി ഒരുക്കിയ സംഗീത, കലാപരിപാടികള്‍ ആസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എക്‌സ്‌പോ വേദിയിലേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. സമാപന ദിവസത്തെ തിരക്ക് കണക്കിലെടുത്ത് ദുബായ് മെട്രോ 24 മണിക്കൂറും സേവനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനച്ചടങ്ങ് നടന്ന അതേ അല്‍ വസല്‍ പ്ലാസയിലാണ് ലോക മേളയുടെസമാപന ചടങ്ങ് അരങ്ങേറുക. വൈകീട്ട് ഏഴു മണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കുന്ന വെടിക്കെട്ടോടെ സമാപിക്കും. പുതുവര്‍ഷ ദിനത്തില്‍ ദുബായ് നഗരം സാക്ഷ്യം വഹിച്ച വെടിക്കെട്ടിന് സമാനമായ കരിമരുന്ന് പ്രയോഗത്തിനാണ് എക്‌സ്‌പോ വേദി തയ്യാറെടുക്കുന്നത്. സമാപന ചടങ്ങുകള്‍ എക്‌സ്‌പോയുടെ വിവിധ വേദികളില്‍ തത്സമയം ഭീമന്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവല്‍ ഗാര്‍ഡന്‍ തുടങ്ങിയ ഇടങ്ങളില്‍ ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.
വിവിഐപികള്‍ക്കു വേണ്ടി ഒരു ഭാഗം ഒഴിവാക്കിയത് ഒഴിച്ചാല്‍ മറ്റിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദുബായ് മെട്രോ രാത്രി മുഴുവന്‍ സേവനം നടത്തും.