മനാമ: ബഹ്റൈനിലെ കലാ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും കീബോര്‍ഡിസ്റ്റുമായ ഷംസ് കൊച്ചിന്‍ (65) അന്തരിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം കഴിഞ്ഞ മൂന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. നാട്ടില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
ഒട്ടേറെ പ്രശസ്ത ഗായകര്‍ക്ക് ബഹ്റൈനിലെ സംഗീത വേദികളില്‍ പിന്നണിയൊരുക്കിയിട്ടുള്ള ഷംസ് കൊച്ചിന്‍, ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ വേദികളില്‍ സംഗീത സന്ധ്യകള്‍ സംഘടിപ്പിക്കുകയും സംഗീത പരിശീലനം നല്‍കുകയും ചെയ്തിരുന്നു. പിന്നണി ഗായകന്‍ അഫ്‌സലിന്റെ സഹോദരന്‍ കൂടിയായ ഷംസ് ബഹ്റൈനിലെ കലാ സാംസ്‌കാരിക കൂട്ടായ്മകളില്‍ സജീവ അംഗമായിരുന്നതോടൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും സജീവമായിരുന്നു.
ബഹ്റൈനിലെ അറിയപ്പെടുന്ന സംഘടനയായ പടവ് കുടുംബവേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു. കലാരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കെഎംസിസി ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഗായകരായ അഫ്‌സല്‍, അന്‍സാര്‍, അഷറഫ്, ഷക്കീര്‍, സലീം, ശരീഫ്, റംല, ഷംല എന്നിവര്‍ സഹോദരങ്ങളാണ്. മക്കള്‍: നഹ്ല (ദുബായ്), നിദാല്‍ ഷംസ്. മരുമകന്‍: റംഷി (ദുബായ്).
കബറടക്കം നാളെ രാവിലെ 8 ന് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയില്‍ നടക്കും