ദുബായിൽ നടന്ന 115-ാമത് പൊതു ലേലത്തിൽ എഎ 16 എന്ന നമ്പർ പ്ലേറ്റ് വിറ്റു പോയത് 16 കോടിയിലധികം രൂപയ്ക്ക്. ഹിൽട്ടൺ ദുബായ് അൽ ഹബ്തൂർ സിറ്റി ഹോട്ടലിൽ തിങ്കളാഴ്ച നടന്ന ലേലത്തിലാണ്. വാഹന നമ്പർ പ്ലേറ്റ് 16,59,97,185 രൂപയ്ക്ക് വിറ്റത്. ഈ വർഷത്തെ ആദ്യത്തെ പൊതു ലേലത്തിൽ നിന്നും ആകെ 1,48,72,68,108 രൂപ ലഭിച്ചതായി ദുബായി ഗതാഗത മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ലേലത്തിൽ ഇത് 1,16,13,69,815.26 രൂപയായിരുന്നു.
AA-I-J-L-M-N-O-P-R-S-T-U-V-W-X-Y-Z എന്നിവ ഉൾപ്പെടെ രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 90 ഓളം നമ്പർ സീരീസുകളാണ് ആകെ ലേലത്തിന് ഉണ്ടായിരുന്നത്. 13,60,52,567 രൂപയ്ക്ക് വിറ്റ AA 69 ഉം 10,20,39,425 രൂപയ്ക്ക് വിറ്റ AA 999 എന്ന നമ്പർ പ്ലേറ്റുകളുമാണ് വലിയ തുകകൾക്ക് വിറ്റ നമ്പർ സീരീസുകൾ. 2016 ൽ ഇന്ത്യൻ വ്യവസായിയായ ബൽവീന്ദർ സാഹ്നി 33 ദശലക്ഷം ദിർഹത്തിന് ഡി5 എന്ന നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള നമ്പർ പ്ലേറ്റ് ലേലത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്.